-flight

ന്യൂഡൽഹി: വിമാനത്തിനുള്ളിൽ ഇന്ത്യക്കാരായ യാത്രക്കാർ തമ്മിലുണ്ടായ സംഘർഷത്തിൽ പ്രതികരിച്ച് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്. ബാങ്കോക്കിൽ നിന്ന് കൊൽക്കത്തയിലേയ്ക്ക് വന്ന തായ് സ്‌മൈൽ എയർവേ വിമാനത്തിൽ കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിന്റെ വീഡിയോ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിന്ധ്യ പ്രതികരണവുമായി എത്തിയത്.

വിമാനത്തിലെ ഇത്തരം പ്രവർത്തികൾ അംഗീകരിക്കാനാകില്ലെന്നും ബന്ധപ്പെട്ടവർക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ജ്യോതിരാദിത്യ സിന്ധ്യ ട്വീറ്റ് ചെയ്തു.

With regard to the scuffle between passengers on board a @ThaiSmileAirway flight, a police complaint has been filed against those involved. Such behaviour is unacceptable.

— Jyotiraditya M. Scindia (@JM_Scindia) December 29, 2022

സംഘർഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ ബ്യൂറോ ഒഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ബന്ധപ്പെട്ടവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്. വിമാനത്തിനുള്ളിൽ യാത്രക്കാർ പരസ്പരം വെല്ലുവിളിക്കുന്നതിന്റെയും കയ്യാങ്കളിയുടെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്.

രണ്ട് യാത്രക്കാർ തമ്മിലാണ് ആദ്യം ഉടക്ക് തുടങ്ങിയത്. അല്പം കഴിഞ്ഞതോടെ ഇത് കയ്യാങ്കളിയായി. സംഭവം കണ്ട് ഓടിയെത്തിയ എയർഹോസ്റ്റസ് ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.തർക്കം കടുത്തതിന് പിന്നാലെ ഇവരിൽ ഒരാളുടെ സുഹൃത്തുക്കളും സംഘർഷത്തിന്റെ ഭാഗമായി. കാര്യങ്ങൾ കൈവിട്ടുപോകുന്നുവെന്ന് മനസിലാക്കി കൂടുതൽ വിമാനജീവനക്കാരും മറ്റുയാത്രക്കാരും സംഘർഷം തടയാൻ ശ്രമിച്ചെങ്കിലും അതും ഫലവത്തായില്ല.

തർക്കത്തിനിടെ ഒരാൾ മറ്റേയാളോട് കൈ താഴ്ത്താൻ ആവശ്യപ്പെടുകയും മുഖത്തടിക്കുകയും ചെയ്തു. ഇതോടെ അടിച്ചയാളുടെ സുഹൃത്തുക്കൾ ചേർന്ന് രണ്ടാമനെ തലങ്ങും വിലങ്ങും തല്ലുകയായിരുന്നു. സംഘർഷം അവസാനിപ്പിക്കാൻ യാത്രക്കാരും വിമാനജീവനക്കാരും ശ്രമിക്കുമ്പോൾ ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലെന്ന മനോഭാത്തോടെ കൂളായി ഇരുന്ന് അടികാണുന്നവരെയും വീഡിയോയിൽ കാണാം. സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും ഒടുവിൽ എന്താണുണ്ടായതെന്ന് വ്യക്തമല്ല. യാത്രക്കാർ തമ്മിലുള്ള സംഘർഷത്തിന്റെ കാരണവും വ്യക്തമല്ല.

Not many smiles on this @ThaiSmileAirway flight at all !
On a serious note, an aircraft is possibly the worst place ever to get into an altercation with someone.
Hope these nincompoops were arrested on arrival and dealt with by the authorities.#AvGeek pic.twitter.com/XCglmjtc9l

— VT-VLO (@Vinamralongani) December 28, 2022