sandeep-varrier

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് ബി ജെ പി നേതാവ് സന്ദീപ് വാര്യർ. ഒരു മകനെ ഏറ്റവും ഉലയ്ക്കുന്നത് അമ്മയുടെ മരണമായിരിക്കുമെന്നും അമ്മ മാത്രമേ നിങ്ങളെ ആത്മാർത്ഥമായി സ്‌നേഹിച്ചിട്ടുള്ളൂവെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

ചേതനയറ്റ അമ്മയുടെ ദേഹത്തിന് മുന്നിൽ നിൽക്കുമ്പോൾ , അന്ത്യ കർമ്മങ്ങൾ ചെയ്യുമ്പോൾ മനസ്സിലൂടെ അമ്മയോടൊപ്പമുള്ള നൂറ് നൂറ് ഓർമ്മകൾ ഇരമ്പി വരുമെന്നും അമ്മ പോയാൽ പിന്നെ വലിയൊരു ശൂന്യതയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അമ്മയ്‌ക്കൊപ്പമിരിക്കുന്ന മോദിയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് സന്ദീപ് വാര്യരുടെ കുറിപ്പ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഒരു മകനെ ഏറ്റവുമധികം ഉലയ്ക്കുന്നത് അമ്മയുടെ മരണമായിരിക്കും . ചേതനയറ്റ അമ്മയുടെ ദേഹത്തിന് മുന്നിൽ നിൽക്കുമ്പോൾ , അന്ത്യ കർമ്മങ്ങൾ ചെയ്യുമ്പോൾ മനസ്സിലൂടെ അമ്മയോടൊപ്പമുള്ള നൂറ് നൂറ് ഓർമ്മകൾ ഇരമ്പി വരും.

അമ്മ സ്നേഹിച്ചത് , ഉണ്ണീ എന്ന് വിളിച്ച് മൂർദ്ധാവിൽ ചുംബിച്ചത് , സൂര്യനസ്തമിച്ചിട്ടും കൂട്ടുകാരോടൊപ്പമുള്ള കളി നിർത്താത്തതിന് ദേഷ്യപ്പെട്ടത് , മൂന്നോ നാലോ തവണയെങ്കിലും കിടക്കയിൽ നിന്ന് എണീപ്പിച്ച് വിട്ടിട്ടും പിന്നെയും കിടന്നുറങ്ങുമ്പോൾ വെള്ളം മുഖത്തൊഴിച്ചത് , അടുക്കളയിൽ ദോശ ഉണ്ടാക്കുന്ന അമ്മയുടെ ചാരെ നിന്ന് ചൂടുള്ള ദോശ കഴിക്കുന്നത് .. മകന്റെ കണ്ണിലൂടെ ആ ദൃശ്യങ്ങളിങ്ങനെ അപ്പോൾ കടന്ന് പോകും . അമ്മയുണ്ടാക്കുന്ന മുരിങ്ങാ കൂട്ടാന്റെയും തിരുവാതിരപ്പുഴുക്കിന്റെയും സ്വാദ് നിങ്ങളുടെ നാക്കിൽ വരും .

ഒടുവിലൊരുനാൾ പുതിയൊരു പെണ്ണ് വീട്ടിലേക്ക് കടന്നു വന്നപ്പോൾ അമ്മയെ ചില നിമിഷങ്ങളിലെങ്കിലും മറന്ന് പോയതിന് നിങ്ങളപ്പോൾ മനസ്സിൽ ആയിരം തവണ മാപ്പ് ചോദിക്കും . അമ്മയുടെ മനസ്സിന് അറിഞ്ഞോ അറിയാതെയോ ഉണ്ടാക്കിയ വേദനകൾക്ക് നെഞ്ച് പൊട്ടിയുള്ള മാപ്പപേക്ഷയാണ് ഓരോ മകന്റെയും കണ്ണുനീര് .

അമ്മക്ക് പകരമാവില്ല മറ്റൊന്നും . അമ്മയാണ് എല്ലാം . അമ്മ മാത്രമേ നിങ്ങളെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടുള്ളൂ , നിങ്ങളുടെ വിജയത്തിൽ നിങ്ങളെക്കാൾ സന്തോഷിക്കുകയും നിങ്ങളുടെ പരാജയത്തിൽ നിങ്ങളെക്കാൾ ദുഃഖിക്കുകയും ചെയ്തത് അമ്മ മാത്രമാണ് .

അമ്മ പോയാൽ പിന്നെ വലിയൊരു ശൂന്യതയാണ് .

ഹീരാബെൻ മോദിക്ക് അന്ത്യ പ്രണാമം .