
തിരുവനന്തപുരം: വിവാദങ്ങൾക്കിടെ സി പി എമ്മിന്റെ നിർണായക സെക്രട്ടറിയേറ്റ് യോഗം ആരംഭിച്ചു. എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കാത്തുനിന്ന മാദ്ധ്യമപ്രവർത്തകരോട് റിസോർട്ട് വിവാദത്തെക്കുറിച്ച് പ്രതികരിക്കാൻ ജയരാജൻ തയ്യാറായില്ല.
അതേസമയം, സാമ്പത്തിക ആരോപണം സംസ്ഥാന പാർട്ടിയിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കണമെന്ന് കഴിഞ്ഞ ദിവസം പി ബി നിർദ്ദേശിച്ച സാഹചര്യത്തിൽ വിഷയം സെക്രട്ടേറിയേറ്റിന് പരിഗണിക്കാതിരിക്കാനാവില്ല. യോഗത്തിൽ വിവാദത്തെക്കുറിച്ച് ജയരാജൻ വിശദീകരിച്ചേക്കും.
പി ജയരാജൻ ആരോപണമുന്നയിച്ച വൈദേകം ആയുർവേദ റിസോർട്ടുമായി തനിക്ക് വ്യക്തിപരമായി ബന്ധമില്ലെന്ന നിലപാടാകും അദ്ദേഹം യോഗത്തിൽ സ്വീകരിക്കുക. വിഷയം സർക്കാരിനെതിരായ ആയുധമായി പ്രതിപക്ഷം ഏറ്റെടുത്തിരിക്കെ അതിനെ പ്രതിരോധിക്കാനുള്ള ബദൽ പ്രചരണപരിപാടികളും സി പി എമ്മിന് ആലോചിക്കേണ്ടി വരും.
തനിക്കെതിരെ പാർട്ടി അന്വേഷണം വന്നാൽ എൽ ഡി എഫ് കൺവീനർ സ്ഥാനം ഒഴിയുമെന്ന് ജയരാജൻ അടുപ്പമുള്ളവരോട് സൂചിപ്പിച്ചതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പരാജയം അന്വേഷിച്ച പാർട്ടിക്കമ്മിഷൻ റിപ്പോർട്ടും യോഗത്തിൽ ചർച്ച ചെയ്‌തേക്കും.