
കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ പി.ജയരാജനെ രക്ഷിക്കാൻ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന ആരോപണത്തിൽ കെ.സുധാകരന്റെ പ്രതികരണം വിവാദമായതിന് പിന്നാലെ ഇന്ന് കൊച്ചിയിൽ യുഡിഎഫ് സംസ്ഥാന കമ്മിറ്റി യോഗം. എന്നാൽ ഇന്നത്തെ യോഗത്തിൽ കെ.പി.സി.സി പ്രസിഡന്റ് പങ്കെടുക്കുന്നില്ല. പ്രതിപക്ഷ നേതാവിനെ അദ്ദേഹം ഇക്കാര്യം അറിയിച്ചു. പി.ജയരാജനെ രക്ഷിക്കാൻ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന ആരോപണം ഗൗരവതരമെന്നായിരുന്നു സുധാകരൻ കഴിഞ്ഞദിവസം പ്രതികരിച്ചത്. ഇതിന്‌പിന്നാലെ ലീഗ് നേതാക്കൾ സുധാകരനെതിരെ ശക്തമായി പ്രതിഷേധിച്ചിരുന്നു.
ഇതിനിടെ രമേശ് ചെന്നിത്തലയും ഇന്ന് യുഡിഎഫ് യോഗത്തിൽ പങ്കെടുക്കുന്നില്ല. മകന്റെ വിവാഹം ക്ഷണിക്കാൻ ഡൽഹിയിൽ പോയതിനാലാണ് പങ്കെടുക്കാത്തതെന്ന് അദ്ദേഹം അറിയിച്ചു. എന്നാൽ ഷുക്കൂർ വധ വിവാദം ഇന്ന് യുഡിഎഫ് യോഗം ചർച്ച ചെയ്യുമെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ അറിയിച്ചു. എന്നാൽ സുധാകരൻ വിശദീകരിച്ചതോടെ വിവാദം അവസാനിച്ചെന്ന് മുൻപ് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു.
ഇ.പി ജയരാജനടങ്ങിയ റിസോർട്ട് വിഷയത്തിലും സംസ്ഥാന സർക്കാരിനെതിരെ സംഘടിപ്പിക്കേണ്ട സമരപരിപാടികളെക്കുറിച്ചും യോഗത്തിൽ ചർച്ചയുണ്ടാകും. ഗവർണർ വിഷയത്തിലും ഷുക്കൂർ വധത്തിലും എ.കെ ആന്റണിയുടെ പ്രസ്‌താവനയിലും പ്രത്യക്ഷത്തിൽ കോൺഗ്രസിലും ലീഗിലുമുളള ഭിന്നത പരിഹരിക്കാനുളള ചർച്ചകളും ഇന്ന് യോഗത്തിൽ നടക്കുമെന്നാണ് സൂചനകൾ. വിഷയങ്ങളിൽ ഐക്യജനാധിപത്യ മുന്നണിയിൽ ഭിന്നാഭിപ്രായം പരിഹരിക്കാനാണ് ശ്രമം.