mark

കണ്ണൂർ: അയ്യൻകുന്ന് പഞ്ചായത്തിൽ കടന്നുകയറി പരിസ്ഥിതി ലോല മേഖല അടയാളപ്പെടുത്തി കർണാടക. കണ്ണൂർ അയ്യൻകുന്ന് പഞ്ചായത്തിലെ രണ്ട് വാർഡുകളിലാണ് കേരളത്തിലേക്ക് കടന്നുകയറി കർണാടക ബഫർ സോൺ അടയാളപ്പെടുത്തൽ നടത്തിയിരിക്കുന്നത്. കർണാടകയിലുള‌ള ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ ബഫർ സോണായാണ് കണ്ണൂർ കളിതട്ടുംപാറയിലെ രണ്ടര കിലോമീ‌റ്റർ വരുന്ന ജനവാസ മേഖലയും ഒന്നര കിലോമീ‌റ്റർ കേരളത്തിലെ വനഭൂമിയും കടന്ന് രണ്ടാംകടവ്-കളിതട്ടുംപാറ റോഡിൽ അടയാളപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ആകെ കർണാടകയുമായി വനാതിർത്തി പങ്കിടുന്ന പാലത്തിൻകടവുമുതൽ കളിതട്ടുംപാറ വരെ ഒൻപത് കിലോ‌മീറ്റർ സ്ഥലത്ത് ആറിടങ്ങളിലായാണ് കർണാടക ചുവന്ന ചായം കൊണ്ട് രേഖപ്പെടുത്തൽ നടത്തിയത്.

എന്നാൽ കർ‌ണാടകയുടെ നടപടിയെക്കുറിച്ച് സംസ്ഥാന സർക്കാരിനോ വനംവകുപ്പിനോ അറിവില്ല. രേഖപ്പെടുത്തൽ കണ്ടതോടെ ഈ മേഖലയിലെ മുന്നൂറോളം കുടുംബങ്ങൾ ഭയപ്പാടിലായി. ജനവാസ മേഖലയ്‌ക്കും പഞ്ചായത്ത് റോഡുകൾക്കും പുറമേ ബാരാപോൾ ജലവൈദ്യുത പദ്ധതിയും പവർഹൗസും കെഎസ്‌ടിപി റോഡും ഇതോടെ ബഫർസോൺ മേഖലയിലാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.

നാല് ദിവസങ്ങളായി സ്ഥലവാസികളുടെ ശ്രദ്ധ വരാത്ത തരത്തിലാണ് ഉദ്യോഗസ്ഥരെത്തി അടയാളപ്പെടുത്തൽ നടത്തിയത്. മുൻപ് കേരളത്തിലെ സ്വകാര്യ ഭൂമിയടക്കമുളള സ്ഥലങ്ങളിൽ 2017ൽ കർണാടക പരിസ്ഥിതി ലോല മേഖലയെന്ന് അടയാളപ്പെടുത്തിയിരുന്നു. ഇന്ന് അടയാളം കണ്ടതിന് പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളിതട്ടും പാറയിലെത്തി പ്രതിഷേധിച്ചു. ചുവന്ന മാർക്കുകൾ കരി ഓയിൽ ഒഴിച്ച് മായ്‌ക്കുകയും ചെയ്‌തു.