
തെങ്കാശി: കുറ്റാലത്ത് കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട നാലു വയസുകാരിയെ രക്ഷപ്പെടുത്തി. പാലക്കാട് സ്വദേശിയായ നവനീത് കൃഷ്ണയുടെ മകൾ ഹരിണിയാണ് ഒഴുക്കിൽപ്പെട്ടത്. ഒഴുകി നീങ്ങിയ കുട്ടിയെ തൂത്തുക്കുടി സ്വദേശിയായ വിജയകുമാറാണ് രക്ഷപ്പെടുത്തിത്. കഴിഞ്ഞ ദിവസം രാവിലെ 11മണിക്ക് പഴയ കുറ്റാലത്താണ് സംഭവം.
രണ്ട് കുട്ടികളുമായി കുറ്റാലത്ത് എത്തിയതായിരുന്നു നവനീത് കൃഷ്ണനും ഭാര്യയും. പ്രധാന വെള്ളച്ചാട്ടത്തിനു തൊട്ടുതാഴെ കുട്ടികൾ കുളിക്കുന്ന സ്ഥലത്ത് രണ്ട് കുട്ടികളെയും ആക്കിയിട്ട് ഭർത്താവും ഭാര്യയും വെള്ളച്ചാട്ടത്തിലേയ്ക്ക് പോയി. കുട്ടികൾ കുളിക്കുന്നതിനിടെ നല്ല ഒഴുക്കുള്ള സ്ഥലത്തേയ്ക്ക് എത്തിപ്പെട്ടു. അവിടെനിന്നും കാൽവഴുതി ഹരിണി താഴേയ്ക്കു ഒഴുകുകയായിരുന്നു. കുട്ടി ഒഴുകുന്നത് കണ്ട് കുളിക്കാനെത്തിയവർ ബഹളം വച്ചതോടെ സമീപത്തുനിന്ന വിജയകുമാർ സാഹസികമായി താഴേക്കെത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. മുഖത്ത് ചെറിയ പരിക്കേറ്റ ഹരിണിയെ തെങ്കാശി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകി ആശുപത്രിയിൽ നിന്ന് കുട്ടിയെ വിട്ടയച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ കുറ്റാലം ഭാഗത്ത് നല്ല മഴ പെയ്തിരുന്നതിനാൽ ശക്തമായ ഒഴുക്ക് ഇവിടെ ഉണ്ടായിരുന്നു. നല്ല ഒഴുക്കുള്ള സ്ഥലങ്ങളിൽ കുട്ടികളെ തനിച്ചാക്കിയിട്ടു പോകരുതെന്ന് തമിഴ്നാട് പൊലീസ് അറിയിച്ചിരുന്നു.