modi-mamata

കൊൽക്കത്ത: അമ്മയുടെ സംസ്‌കാര ചടങ്ങുകൾക്ക് ശേഷം കർത്തവ്യനിരതനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മാതാവ് ഹീരാബെന്നിന്റെ മരണാനന്തരചടങ്ങുകൾ പൂർത്തിയാക്കിയതിന് പിന്നാലെ ബംഗാളിൽ വന്ദേഭാരത് എക്‌സ്‌പ്രസ് ഫ്ളാഗ് ഒഫ് ചെയ്യാനാണ് മോദി പോയത്. ഹൗറയിൽ നിന്ന് ന്യൂ ജൽപൈഗുരിയിലേക്കുള്ള വന്ദേഭാരതിന്റെ ഫ്ളാഗ് ഒഫ്, വീഡിയോ കോൺഫറൻസ് വഴിയാണ് മോദി നിർവഹിച്ചത്. ചടങ്ങിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി സന്നിഹിതയായിരുന്നു.

മോദിയുടെ അമ്മയുടെ വേർപാടിൽ മമത ദുഖം രേഖപ്പെടുത്തി. ദയവായി കുറച്ച് വിശ്രമിക്കൂവെന്നാണ് മോദിയോട് മമത ആവശ്യപ്പെട്ടത്. ''അമ്മയുടെ മരണത്തിൽ എങ്ങനെയാണ് താങ്കളെ ആശ്വസിപ്പിക്കേണ്ടതെന്ന് എനിക്കറിയില്ല. താങ്കളുടെ അമ്മ ഞങ്ങളുടേത് കൂടിയാണ്. എനിക്ക് എന്റെ മാതാവിനെ ഈ നിമിഷത്തിൽ ഓർമ്മ വരികയാണ്.'' - മമത പറഞ്ഞു.

അഹമ്മദാബാദിലെ യുഎൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച്ച് സെന്ററിൽ ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു ഹീരാബെൻ മോദിയുടെ അന്ത്യം. അമ്മയുടെ വിയോഗവാർത്ത അറിഞ്ഞയുടൻ ഡൽഹിയിലായിരുന്ന പ്രധാനമന്ത്രി ഗുജറാത്തിലേക്ക് പുറപ്പെടുകയായിരുന്നു. ഗാന്ധിനഗറിന് സമീപമുള്ള റെയ്സാനിലെ വസതിയിലെത്തിയ മോദി അമ്മയ്‌ക്ക് ആദരാഞ്ജലി അർപ്പിച്ചു. സംസ്‌കാരച്ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.