
ലീഡ്.....
നൻപകൽ നേരത്ത് മയക്കവും ജനുവരി റിലീസിന്
ക്രിസ്റ്റഫർ, ഏജന്റ് എന്നീ മമ്മൂട്ടി ചിത്രങ്ങൾക്കൊപ്പം ജനുവരി റിലീസിന് നൻപകൽ നേരത്ത് മയക്കം എത്തുന്നു. രണ്ടു ഭാഷകളിൽ മൂന്നു മമ്മൂട്ടി ചിത്രങ്ങൾ റിലീസ് ചെയ്യുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ജനുവരി രണ്ടാം വാരത്തിൽ ക്രിസ്റ്റഫർ റിലീസ് ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം. പിന്നാലെ തെലുങ്ക് ചിത്രം ഏജന്റ് എത്തും. കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച നൻപകൽ നേരത്ത് മയക്കം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായാണ് ഒരുമിക്കുന്നത്. പ്രമാണിക്കുശേഷം വർഷങ്ങളുടെ ഇടവേള കഴിഞ്ഞു മമ്മൂട്ടിയും സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണനും ഒരുമിക്കുന്ന ക്രിസ്റ്റഫറിൽ തെന്നിന്ത്യൻ താരം വിനയ് റായ് ആണ് പ്രതിനായകൻ. വിനയ് റായ്‌യുടെ ആദ്യ മലയാള അരങ്ങേറ്റമാണ് ക്രിസ്റ്റഫർ. സ്നേഹ, അമല പോൾ, ഐശ്വര്യലക്ഷ്‌മി എന്നിവരാണ് നായികമാർ. ഉദയകൃഷ്ണയുടെ രചനയിലാണ് ക്രിസ്റ്റഫർ ഒരുങ്ങുന്നത്. നാഗാർജുനയുടെ ഇളയ മകൻ അഖിൽ അക്കിനേനി നായകനാകുന്ന ഏജന്റിൽ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി. ഇരുവർക്കും തുല്യപ്രാധാന്യമുള്ള വേഷം. സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്യുന്ന ഏജന്റിൽ ആക്‌ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. വൈ.എസ്.ആറിന്റെ ജീവിതം പറഞ്ഞ യാത്രയ്ക്കുശേഷം മെഗാസ്റ്റാർ അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ഏജന്റ്. ഹിപ്പ് ഹോപ്പ് തമിഴയാണ് സംഗീത സംവിധാനം. രണ്ടു കഥാപാത്രങ്ങളുടെ പരകായ പ്രവേശമാണ് മമ്മൂട്ടി നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിൽ നടത്തുന്നത്.
തെന്നിന്ത്യൻ താരം രമ്യ പാണ്ഡ്യൻ നായികയായി എത്തുന്നു. അശോകനാണ് മറ്റൊരു പ്രധാന താരം. അതേസമയം ജിയോബേബി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം കാതൽ മാർച്ച് അവസാനം റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.