
പരസ്യ ചിത്രത്തിൽ ഹന്ന റെജി കോശി
മലയാളത്തിന്റെ സ്വന്തം പ്രിയദർശനും പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവനും വീണ്ടും ഒരുമിക്കുന്നു. പ്രമുഖ ജുവലറിയുടെ പരസ്യ ചിത്രീകരണത്തിനുവേണ്ടിയാണ് ഇരുവരും ഒരുമിക്കുന്നത്. ഹന്ന റെജി കോശി പരസ്യചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഡാർവിന്റെ പരിണാമം, രക്ഷാധികാരി ബൈജു ഒപ്പ്, തീർപ്പ്, കൂമൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ഹന്ന പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രീകരണം പൂർത്തിയായ കൊറോണ പേപ്പേഴ്സിൽ വേഷമിട്ടിട്ടുണ്ട്. മാസ്റ്റർ പീസായ കാലാപാനിയിലൂടെയാണ് പ്രിയദർശനും സന്തോഷ് ശിവനും കൈകോർക്കുന്നത്. രംഗ്രീസ് എന്ന ബോളിവുഡ് ചിത്രത്തിലും ഒരുമിച്ചു. മോഹൻലാൽ നായകനായി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഓളവും തീരവും എന്ന ചിത്രത്തിനു വേണ്ടിയാണ് അവസാനം പ്രിയദർശനും സന്തോഷ് ശിവനും ഒരുമിച്ചത്. ബ്ളാക്ക് ആൻഡ് വൈറ്റിൽ ഒരുങ്ങുന്ന ചിത്രം എം.ടിയുടെ തിരക്കഥയിൽ പി.എൻ. മേനോൻ സംവിധാനം ചെയ്ത സിനിമയുടെ പുനഃസൃഷ്ടിയാണ് . കാലാപാനി എന്ന ചിത്രത്തിനുശേഷം പ്രിയദർശൻ, മോഹൻലാൽ, സന്തോഷ് ശിവൻ എന്നിവർ വീണ്ടും ഒന്നിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ത്രിമാന ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് ശിവനാണ്.