
കോഴിക്കോട്: ഒമർ ലുലു സംവിധാനം ചെയ്ത 'നല്ല സമയം' എന്ന ചിത്രത്തിനെതിരെ കേസ്. ചിത്രത്തിന്റെ സംവിധായകൻ, നിർമാതാവ് എന്നിവർക്കെതിരെയാണ് എക്‌സെെസ് കേസെടുത്തത്. ട്രെയിലറിൽ ലഹരി വസ്‌തുക്കളുടെ ഉപയോഗം ഉൾപ്പെടുത്തിയതിനെതിരെയാണ് കേസ്. അബ്‌കാരി, എൻ ഡി പി എസ് നിയമങ്ങൾ പ്രകാരം എക്‌സെെസ് കോഴിക്കോട് റേഞ്ചാണ് കേസ് എടുത്തത്.
ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറിൽ കഥാപാത്രങ്ങൾ മാരക ലഹരി വസ്തുവായ എം ഡി എം എ ഉപയോഗിക്കുന്ന രംഗങ്ങളാണ് മുഴുനീളവും. ഇതിന്റെ ഉപയോഗം പ്രാേത്സാഹിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളും ഒപ്പം ചേർത്തിരുന്നു. ഇതാണ് പരാതിയിലേയ്ക്ക് നയിച്ചത്. ഇന്നാണ് ഒമർ ലുലു സംവിധാനം ചെയ്ത 'നല്ല സമയം' തിയേറ്ററുകളിലെത്തിയത്.
ഇർഷാദ് അലി നായകനായി എത്തുന്ന ചിത്രത്തിൽ അഞ്ച് പുതുമുഖ നായികമാരുണ്ട്. ഹാപ്പി വെഡ്ഡിംഗ്സ് , ചങ്ക്സ്, ഒരു അഡാറ് ലൗവ്, ധമാക്ക, പവർ സ്റ്റാർ എന്നീ ചിത്രങ്ങൾക്കു ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രമാണ് 'നല്ല സമയം'.