study

നമ്മുടെയെല്ലാം വീട്ടിൽ ലിവിംഗ്റൂമും ബെഡ്‌റൂമും കിച്ചണും പ്രാർത്ഥനാ മുറിയുമെല്ലാം പ്രത്യേകമായി നിർമ്മിക്കുക പതിവുണ്ട്. എന്നാൽ കുട്ടികൾക്ക് വേണ്ടി പഠന മുറി നിർമ്മിക്കുക പതിവുണ്ടോ? മിക്കവാറും ഉണ്ടാകില്ല. പഠനമുറിയും കിടപ്പുമുറിയും എല്ലാം ഒരു മുറി തന്നെയാകും. ആചാര്യമതമനുസരിച്ച് കിടപ്പുമുറിയും പഠനമുറിയും വേറെയായിരിക്കണം. മാത്രമല്ല അവിടെ കുളിമുറിയോ ടോയ്‌ലറ്റോ ഉണ്ടാകുന്നത് ഉചിതമല്ല. ഇത് എന്തുകൊണ്ടാണെന്ന് നോക്കാം.

പ്രാ‌ർത്ഥനയോടെ ശുദ്ധമായ മനസോടെ തികഞ്ഞ ആത്മവിശ്വാസത്തോടെ വേണം പഠനം ആരംഭിക്കാൻ. പഠനത്തിന് മേശ ഒരുക്കുന്നത് മിക്കവാറും മുറികളുടെ മൂലയിലാണല്ലോ പതിവ്. ഇതിനായി ഒന്നുകിൽ പടിഞ്ഞാറ് ദിക്കിലോ കിഴക്കുവശത്തോ അതല്ലെങ്കിൽ തെക്ക് കിഴക്കായോ വടക്ക് കിഴക്കായോ വേണം ഒരുക്കാൻ. നവഗ്രഹങ്ങളിൽ ബുധൻ, വ്യാഴം, ചന്ദ്രൻ, ശുക്രൻ എന്നിവയുടെ ആനുകൂല്യം കുട്ടികൾക്ക് നല്ലതാണ്. ബുദ്ധിവികാസത്തിന് ബുധൻ സഹായിക്കും. മികച്ച ആശയമുള‌ളവനായി കുട്ടി വളരാൻ ചന്ദ്രൻ അനുകൂലമാകണം. അറിവുള‌ളവനായി തുടരാൻ ശുക്രൻ അനുകൂലമാകണം. അറിവിലൂടെ പണം സമ്പാദിക്കുന്നവനാകാൻ കുട്ടിയ്‌ക്ക് വ്യാഴത്തിന്റെ ആനുകൂല്യവും വേണം. അതിനാൽ ഒന്നുകിൽ കിഴക്ക് വശത്തേക്കോ അല്ലെങ്കിൽ വടക്കോട്ടോ ആകണം കുട്ടി പഠനത്തിനിരിക്കേണ്ടത്.

പഠനമുറിയിൽ ടോയ്‌ലറ്റ് പാടില്ലെന്നതുപോലെ മുറിയുടെ നടുക്ക് മേശയും കസേരയും പാടില്ല. അതുപോലെ പഠനം കഴിഞ്ഞ് അതേ മുറിയിൽ ഉറങ്ങുന്ന പതിവ് ചില കുട്ടികൾക്കുണ്ട്. എന്നാൽ ഉറക്കത്തിന് പഠനമുറി ഉപയോഗിക്കരുത്. ഇത് ഐശ്വര്യക്കേടാണ്. കുട്ടി ഉറങ്ങാൻ വടക്കോട്ടോ പടിഞ്ഞാറോട്ടോ തലവയ്‌ക്കുകയുമരുത്.