തൊടുപുഴ: പാർട്ടിയിൽ നിന്ന് പുറത്തുപോയ ജില്ലയുടെ പ്രഥമ ഡി.സി.സി പ്രസിഡന്റും എം.എൽ.എയുമായിരുന്ന മുതിർന്ന നേതാവ് ജോസ് കുറ്റ്യാനി കോൺഗ്രസിൽ തിരികെയെത്തി. ജോസ് കുറ്റ്യാനിയുടെ മുൻകാല പ്രവർത്തനങ്ങളെ വിലയിരുത്തി അദ്ദേഹത്തിന്റെ പേരിൽ സ്വീകരിച്ച അച്ചടക്ക നടപടി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പിൻവലിക്കുകയായിരുന്നു. കുറ്റ്യാനി ദീർഘകാലം എ.ഐ.സി.സി അംഗവും കെ.പി.സി.സി നിർവാഹക സമിതി അംഗവുമായിരുന്നു. കോൺഗ്രസ് വിട്ട ശേഷം 2009ൽ എൻ.സി.പി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി ലോക്സഭയിലേക്ക് മത്സരിച്ചിരുന്നു. പിന്നീട് ഏറെക്കാലം തൃണമൂൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചു. കുറ്റ്യാനിയെ പാർട്ടിയിൽ തിരിച്ചെടുത്തുകൊണ്ടുള്ള കത്ത് കെ. പി. സി. സി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ അദ്ദേഹത്തിന്റെ വീട്ടിലെത്തി കൈമാറി.