സാവോപോളോ : ഫുട്ബാളിനെ ലോകത്തിന്റെ ഉത്സവ ലഹരിയാക്കിയ ബ്രസീലിയൻ ഇതിഹാസ താരം പെലെയുടെ (82) ഓർമ്മകളിൽ വിതുമ്പി ആരാധക ലക്ഷങ്ങൾ .
കുടലിലെ അർബുദത്തെ തുടർന്ന് സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിലായിരുന്നു പെലെയുടെ അന്ത്യം. ആരോഗ്യനില മോശമായതിനെ തുടർന്ന് ഒരു മാസത്തിലേറെയായി ആശുപത്രിയിലായിരുന്നു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും അലട്ടിയിരുന്നു.
മൂന്ന് ലോകകപ്പുകൾ നേടിയ ഏക ഫുട്ബാളറും ലോകകപ്പിൽ ഹാട്രിക് നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരവുമാണ് പെലെ. 1958,1962,1970 ലോകകപ്പുകളിലായിരുന്നു പെലെയുടെയും ബ്രസീലിന്റെയും കിരീട പടയോട്ടങ്ങൾ. ദരിദ്ര സാഹചര്യത്തിൽ വളർന്ന പെലെ തെരുവിൽ കടലവിറ്റു നടന്നിട്ടുണ്ട്. ചെറുപ്രായത്തിൽ തന്നെ ബ്രസീലിലെ പ്രമുഖ ക്ളബ് സാന്റോസിൽ എത്തിയതോടെ ജീവിതം വഴിമാറി.17-ാം വയസിൽ ബ്രസീൽ ടീമിലെത്തി പിന്നീട് ചരിത്രം തിരുത്തി.18 വർഷത്തോളം സാന്റോസിൽ കളിച്ചു. കരിയറിലെ അവസാന രണ്ട് വർഷങ്ങൾ ന്യൂയോർക്ക് കോസ്‌മോസിലായിരുന്നു.
1977ൽ ഫുട്ബാൾ കരിയർ അവസാനിപ്പിച്ച പെലെ യൂണിസെഫിന്റെ അംബാസഡറായി. 1994ൽ ബ്രസീലിയൻ കായികമന്ത്രിയായി. ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ നൂറ്റാണ്ടിന്റെ താരമായി. ഖത്തറിൽ ലോകകപ്പ് നടക്കുമ്പോൾ പെലെ ആശുപത്രിയിലായിരുന്നു. പെലെയ്ക്കായി കിരീടം നേടാൻ നെയ്‌മറും സംഘവും പരിശ്രമിച്ചെങ്കിലും ക്വാർട്ടറിൽ ക്രൊയേഷ്യയോട് തോറ്റ് മടങ്ങി.
സംസ്‌കാരച്ചടങ്ങ് തിങ്കളും ചൊവ്വയും
പെലെയുടെ സംസ്കാരച്ചടങ്ങുകൾ തിങ്കൾ,ചൊവ്വ ദിവസങ്ങളിലായി നടക്കുമെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച സാവോപോളോയിലെ വില ബെൽമിറോ സ്റ്റേഡിയത്തിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ചൊവ്വാഴ്ച രാവിലെ വരെ അന്ത്യാഞ്ജലി അർപ്പിക്കാൻ അവസരമുണ്ട്. തുടർന്ന് സാന്റോസിലെ തെരുവീഥിയിലൂടെ വിലാപയാത്ര. നൂറ് വയസുള്ള
പെലെയുടെ അമ്മ അബോധാവസ്ഥയിൽ കഴിയുന്ന വസതിക്ക് മുന്നിലൂടെ വിലാപയാത്ര കടന്നു പോകും. നാർക്കോപോളി എക്യുമെനിക്ക സെമിത്തേരിയിലാണ് സംസ്‌കാരം, ചടങ്ങിൽ കുടുംബാംഗങ്ങൾ മാത്രമേ പങ്കെടുക്കൂ.
അനുശോചിച്ച് താരങ്ങൾ
പെലയുടെ മരണത്തിൽ ലോക ഫുട്ബാൾ താരങ്ങളായ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ,നെയ്‌മർ, എംബാപ്പെ, ക്രിക്കറ്റർ സച്ചിൻ ടെൻഡുൽക്കർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. ലോക രാഷ്ട്രങ്ങളുടെ തലവന്മാരും അനുശോചിച്ചു.