
ചെന്നൈ: തമിഴ്നാട്ടിലെ പുതുക്കോട്ടൈയിലെ ഇരയൂർ ഗ്രാമത്തിലെ ക്ഷേത്രത്തിൽ പട്ടികജാതിക്കാർക്കുണ്ടായിരുന്ന വിലക്ക് പിൻവലിച്ചു. തുടർന്ന് മന്ത്രി മെയ്യനാഥനും പുതുക്കോട്ട കളക്ടർ കവിത രാമുവും ചേർന്ന് പട്ടികജാതിക്കാരെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു. ക്ഷേത്രത്തിൽ പ്രവേശനം ആവശ്യപ്പെട്ടിന് ഇരയൂർ ഗ്രാമത്തിലെ പട്ടികജാതിക്കാരുടെ കുടിവെള്ള ടാങ്കിൽ ഉന്നതജാതർ മനുഷ്യ വിസർജ്ജനം കലർത്തിയിരുന്നു. കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇതിന് പിന്നാലെയാണ് ഗ്രാമത്തിലെ ക്ഷേത്രത്തിൽ അവർക്കുണ്ടായിരുന്ന വിലക്ക് നീക്കിയത്.
തുടർന്ന് മൂന്ന് ജാതിക്കാർ ചേർന്ന് ക്ഷേത്രത്തിൽ പൂജനടത്തി. തങ്ങൾ ഇപ്പോൾ വളരെ സന്തോഷത്തിലാണെന്നും അർഹതപ്പെട്ട അവകാശം മാത്രമാണ് ചോദിച്ചതെന്നും ഗ്രാമവാസിയായ ലത പറഞ്ഞു. ചടങ്ങിൽ ക്ഷേത്രത്തിലെ കൂറ്റൻ പാത്രത്തിൽ പാചകം ചെയ്ത പൊങ്കൽ പ്രസാദമായി എല്ലാവർക്കും വിതരണം ചെയ്തു. മൂന്നു തലമുറകളായി പട്ടികജാതിക്കാർക്ക് ക്ഷേത്രത്തിൽ പ്രവേശനം വിലക്കിയിരുന്നു.