സോളാർ പീഡനക്കേസിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയും കുടുംബവും അനുഭവിച്ച സംഘർഷങ്ങളെക്കുറിച്ച് വ്യക്തമാക്കി മകൾ ഡോ. മറിയ ഉമ്മൻ. കൗമുദി ടിവിയുടെ 'സ്‌ട്രെയിറ്റ് ലൈൻ' പരിപാടിയിൽ സംസാരിക്കവെയാണ് മറിയ ഇക്കാര്യങ്ങൾ പറഞ്ഞത്. 'അൻപത് വർഷത്തെ പൊതുജീവിതത്തിനുടമയാണ് അപ്പ.എപ്പോഴും ജനങ്ങൾക്കിടയിൽ. അത്തരം ഒരാളെക്കുറിച്ച് ആരോപണങ്ങൾ വന്നപ്പോൾ ആദ്യം മനസിലായിരുന്നില്ല. ജനം ഇത്തരം ആരോപണങ്ങൾ ഏറ്റെടുക്കില്ല എന്ന ഫീലായിരുന്നു.' മറിയ പറയുന്നു.

എന്നാൽ പിന്നീട് അത് ബോംബ് പോലെ പൊട്ടിത്തുടങ്ങി. പക്ഷെ പിന്നീട് ഈ ആരോപണങ്ങൾ രാജ്യത്തെ പരമോന്നത അന്വേഷണ ഏജൻസികളുടെ വരെ അന്വേഷണത്തിൽ കുമിള പൊട്ടുംപോലെ പൊട്ടിപ്പോയെന്നും മറിയ പറയുന്നു. 'എഴുപത് വയസ് കഴിഞ്ഞ അപ്പയെക്കുറിച്ച് ഇത്രവലിയ വ്യക്തിഹത്യ അക്‌സപ്‌റ്റ് ചെയ്യാവുന്നതിനും അപ്പുറമാണ്. ആദ്യം കേട്ടപ്പോൾ ഷോക്കായെങ്കിലും പിന്നീട് അത് നേരിടാനുളള മനസിലേക്ക് മാറ്റപ്പെട്ടു.' മറിയ അഭിപ്രായപ്പെട്ടു.
ജീവിതത്തിൽ ഒരിക്കലും മോശപ്പെട്ട മുഖം ആരെയും കാണിക്കരുത്. ഓവർ റിയാക്‌ട് ചെയ്യരുത് എന്ന് അപ്പ പറയാറുളളത് ഓർക്കുന്ന മറിയ തെറ്റ് ചെയ്‌തിട്ടില്ല എന്നതിനാലാണ് ധൈര്യമായിരിക്കുന്നതെന്നും എന്നാൽ ആ സ്‌ട്രെസിലൂടെ കടന്നുപോകുന്നതാണ്പ്രയാസകരമെന്നും പറയുന്നു. അപ്പയെ തകർക്കാൻ കഴിയാത്തതുകൊണ്ട് മക്കളെ ആക്രമിച്ചാൽ മാനസികമായും ഡൗണാകുമല്ലോ അതും ആക്രമിച്ചവരുടെ ഉദ്ദേശമാകാമെന്നും ഡോ. മറിയ ഉമ്മൻ പറയുന്നു