ന്യൂഡൽഹി: കാർ പൂർണമായും കത്തിയമർന്ന വൻ അപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു ഇന്ത്യൻ ക്രിക്കറ്റർ ഋഷഭ് പന്ത്. അപകടം നടന്നയുടൻ ഓടി എത്തിയ ബസ് ഡ്രൈവർ സുശീലാണ് കാർ തീവിഴുങ്ങുംമുമ്പ് ഋഷഭിനെ റോഡിന്റെ ഡിവൈഡറിലേക്ക് മാറ്റിയത്. ഗ്ളാസ് പൊട്ടിച്ചാണ് ഋഷഭ് പുറത്തിറങ്ങിയത്.
സ്ഫോടനശബ്ദം കേട്ട് പരിസരവാസികളും അതുവഴിയുള്ള വാഹനയാത്രക്കാരും ഓടിയെത്തി. താൻ ഋഷഭ് പന്താണെന്ന് വെളിപ്പെടുത്തിയതോടെ മിന്നൽ വേഗത്തിൽ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
അവിടെ നിന്ന് 90 കിലോമീറ്റർ അകലെയുള്ള ഡെറാഡൂണിലെ മാക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവിംഗിനിടെ മയങ്ങിപ്പോയതാണെന്ന് ഋഷഭ് വെളിപ്പെടുത്തി.
നെറ്റിയിൽ രണ്ടു മുറിവുണ്ട്. വലതുകാൽമുട്ടിലും കണങ്കാലിലുംവലതു കണങ്കൈയിലും മുറിവേറ്റു. മുതുകിൽ ചതവുണ്ടെങ്കിലും സാരമല്ല. കണ്ണിന് തൊട്ടു മുകളിലാണ് നെറ്റിയിലെ മുറിവ്. എല്ലുകൾക്ക് പൊട്ടൽ സംഭവിച്ചിട്ടില്ലെന്നാണ് ആദ്യ സൂചന.
വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെ ഡൽഹി– ഡെറാഡൂൺ ഹൈവേയിൽ ഹരിദ്വാർ ജില്ലയിൽ വച്ചായിരുന്നു അപകടം. അതിവേഗത്തിലായിരുന്ന കാർ ഡിവൈഡറിലിടിച്ച് മറുഭാഗത്തെ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ആഡംബര കാർ നിമിഷാർദ്ധം കൊണ്ട് കത്തിയമർന്നു.കാറിലെ സുരക്ഷാ സംവിധാനങ്ങളാണ് ഗുരുതരമായ പരിക്കിൽ നിന്ന് രക്ഷിച്ചത്.
ബംഗ്ളാദേശുമായുള്ള പരമ്പര കഴിഞ്ഞ് ഡൽഹിയിൽ എത്തിയ ഋഷഭ്, സ്വദേശമായ ഉത്തരാഖണ്ഡിലെ റൂർക്കിയിലേക്ക് ഡ്രൈവ് ചെയ്തു പോവുകയായിരുന്നു.
ഭയപ്പെടാൻ ഒന്നുമില്ലെന്ന് അറിയിച്ച ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് സെക്രട്ടറി ജയ് ഷാ വൈകാതെ ന്യൂഡൽഹിയിലോ മുംബയ്‌യിലോ എത്തിച്ച് വിശദപരിശോധനകൾക്ക് വിധേയനാക്കുമെന്നും അറിയിച്ചു.
ഋഷഭ് പന്തിന്റെ ചികിത്സാ ചെലവ് പൂർണമായും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അറിയിച്ചു. ശ്രീലങ്കയ്ക്കെതിരെ അടുത്തയാഴ്ച തുടങ്ങാനിരിക്കുന്ന ട്വന്റി-20,ഏകദിന മത്സരങ്ങളിൽ നിന്ന് പന്തിനെ ഒഴിവാക്കിയിരുന്നു. തുടർന്നാണ് ബംഗ്ളാദേശ് പര്യടനം കഴിഞ്ഞെത്തിയ പന്ത് വീട്ടിലേക്ക് പോയത്.