
തുമ്പയിൽ ഛത്തീസ്ഗഢിനെ ഏഴുവിക്കറ്റിന് തകർത്തു
പോയിന്റ് പട്ടികയിൽ കേരളം ഒന്നാം സ്ഥാനത്ത്
തിരുവനന്തപുരം: ഛത്തീസ്ഗഢിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ ഏഴുവിക്കറ്റിന് വിജയിച്ച കേരളം എലൈറ്റ് ഗ്രൂപ്പ് സിയിൽ ഒന്നാമതെത്തി. തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സിൽ ഛത്തീസ്ഗഢ് ഉയർത്തിയ 126 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ സഞ്ജുവും സംഘവും മറികടക്കുകയായിരുന്നു.നാലാം ദിനമായ ഇന്നലെ ആദ്യ സെഷനിൽ തന്നെ കേരളം വിജയം നേടിയെടുത്തു. ആദ്യ ഇന്നിംഗസിൽ ഛത്തീസ്ഗഢിനെ 149 റൺസിൽ ആൾഒൗട്ടാക്കിയിരുന്ന കേരളം 311 റൺസാണ് ഒന്നാം ഇന്നിംഗ്സിൽ നേടിയിരുന്നത്.തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഛത്തീസ്ഗഢ് 287 റൺസിന് ആൾഒൗട്ടായതോടെയാണ് കേരളത്തിന് വിജയലക്ഷ്യമായി 126 റൺസ് കുറിക്കപ്പെട്ടത്. നാലാം ദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്സിനറങ്ങിയ കേരളത്തിനായി ഓപ്പണർമാരായ പി. രാഹുലും രോഹൻ എസ്. കുന്നുമ്മലും വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. ഏകദിന ശൈലിയിൽ ബാറ്റുവീശിയ ഇരുവരും ചേർന്ന് 10.3 ഓവറിൽ 86 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. രാഹുൽ 66 റൺസ് നേടി പുറത്താവാതെനിന്ന് ടീമിനെ വിജയത്തിലെത്തിച്ചു. രോഹൻ എസ്. കുന്നുമ്മൽ 40 റൺസ് നേടി. പിന്നാലെ വന്ന സച്ചിന്‍ ബേബിയും (1) അക്ഷയ് ചന്ദ്രനും (10) പെട്ടെന്ന് പുറത്തായെങ്കിലും രാഹുൽ പതറാതെ ടീമിനെ വിജയത്തിലെത്തിച്ചു. ഛത്തീസ്ഗഢിനായി സുമിത് റൂയികർ രണ്ട് വിക്കറ്റെടുത്തപ്പോൾ അജയ് മണ്ഡൽ ഒരു വിക്കറ്റ് നേടി. രണ്ട് ഇന്നിംഗ്സിലുമായി 11 വിക്കറ്റെടുത്ത ജലജ് സക്‌സേനയാണ് കേരളത്തിന്റെ വിജയത്തിൽ നിർണായകമായത്. രോഹൻ പ്രേമും (77) സച്ചിൻ ബേബിയും(77) നായകൻ സഞ്ജു സാംസണും(46) ആദ്യ ഇന്നിംഗ്സിൽ ബാറ്റുകൊണ്ട് മികച്ച പ്രകടനം പുറത്തെടുത്തു. മൂന്ന് മത്സരങ്ങളിൽ രണ്ട് വിജയവുമായി കേരളം ഛത്തീസ്ഗഢിനെ മറികടന്നാണ് എലൈറ്റ് ഗ്രൂപ്പ് സിയിൽ ഒന്നാമതെത്തിയ്. ജനുവരി മൂന്നിന് ഇതേവേദിയിൽ തുടങ്ങുന്ന അടുത്ത മത്സരത്തിൽ ഗോവയാണ് കേരളത്തിന്റെ എതിരാളികൾ.