pic

ലണ്ടൻ : ലോകപ്രശസ്ത ബ്രിട്ടീഷ് ഫാഷൻ ഡിസൈനർ വിവിയൻ വെസ്​റ്റ്‌വുഡ് ( 81) അന്തരിച്ചു. വ്യാഴാഴ്ച സൗത്ത് വെസ്റ്റ് ലണ്ടനിലെ ക്ലാഫമിലെ വസതിയിലായിരുന്നു അന്ത്യം. ആഗോള ഫാഷൻ ലോകത്ത് വിപ്ലവകരമായ ട്രെൻഡുകൾക്കും പാറ്റേണുകൾക്കും തുടക്കം കുറിച്ചയാളാണ് വിവിയൻ. നവതരംഗ ഫാഷനെ മുഖ്യധാരയിലെത്തിച്ചവരിൽ പ്രമുഖയാണ്.

1941 ഏപ്രിൽ എട്ടിന് ഡെർബിഷെയറിലെ ടിൻസൽ ഗ്രാമത്തിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച വിവിയന് ചെറുപ്പത്തിലേ വസ്ത്രങ്ങൾ സ്വയം ഡിസൈൻ ചെയ്ത് ധരിക്കുന്നത് ശീലമായിരുന്നു. യൂണിവേഴ്സിറ്റി ഒഫ് വെസ്റ്റ്മിൻസ്റ്ററിൽ ഒരു ജുവലറി കോഴ്സിന് ചേർന്നെങ്കിലും പൂർത്തിയാക്കാനായില്ല. പ്രൈമറി സ്കൂൾ അദ്ധ്യാപികയായിട്ടാണ് വിവിയൻ തന്റെ കരിയർ ആരംഭിച്ചത്. ഒരു ഫാക്ടറിയിൽ ജോലി ചെയ്തായിരുന്നു അദ്ധ്യാപന പരിശീലനം.

1962ൽ ഫാക്ടറി ജീവനക്കാരനായ ഡെറക് വെസ്​റ്റ്‌വുഡിനെ വിവാഹം ചെയ്തു. സ്വന്തമായി ഡിസൈൻ ചെയ്ത വസ്ത്രമണിഞ്ഞായിരുന്നു വിവിയന്റെ വിവാഹം. മൂന്ന് വർഷങ്ങൾക്ക് ശേഷം ഡെറകും വിവിയനും വേർപിരിഞ്ഞു.

1971ൽ ഡിസൈനറും സംരംഭകനുമായ മാൽകം മക്ലാരനെ വിവാഹം കഴിച്ചു. അദ്ദേഹവുമായി ചേർന്ന് ലണ്ടനിൽ ഒരു ബൂട്ടീക് തുടങ്ങിയതോടെ വിവിയന്റെ കരിയറിൽ വഴിത്തിരിവുണ്ടായി. അറിയപ്പെടുന്ന ഡിസൈനറായി മാറിയ വിവിയനാണ് മോഡേൺ പങ്ക് ഫാഷന് തുടക്കമിട്ടത്. വിവിയന്റെ ബൂട്ടിക് ശൃംഖല ലണ്ടനിൽ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു.

സെലിബ്രിറ്റികൾ വിവിയനെ തേടിയെത്തി. ബ്രിട്ടീഷ് ഫാഷന്റെ രാജ്ഞിയെന്ന് വരെ ഒരവസരത്തിൽ വിവിയൻ വിശേഷിപ്പിക്കപ്പെട്ടു. ഫാഷനിൽ ഔപചാരികമായ വിദ്യാഭ്യാസം നേടാതെയാണ് വിവിയൻ ലോകത്തിന്റെ നെറുകയിലെത്തിയതെന്നതും ശ്രദ്ധേയം.

വിവിധ സാമൂഹിക പ്രശ്നങ്ങൾക്കെതിരെയുള്ള പ്രതിഷേധമായും വിവിയൻ തന്റെ ഡിസൈനുകളെ ഉപയോഗിച്ചു. ഇവയിൽ ചിലത് വിവാദങ്ങൾക്കും കാരണമായി.

വിവിയൻ 1992ൽ ഓസ്‌ട്രിയൻ ഡിസൈനറായ ആൻഡ്രിയാസ് ക്രോൺതാലറെ വിവാഹം കഴിച്ചു. പിന്നീട് ഇരുവരും ചേർന്ന് ഫാഷൻ ലോകത്ത് സജീവമായി തുടർന്നു. വിവിയൻ മൂന്ന് തവണ ബ്രിട്ടീഷ് ഫാഷൻ ഡിസൈനർ ഒഫ് ദ ഇയർ പുരസ്കാരം നേടി. കൂടാതെ, നിരവധി പുരസ്കാരങ്ങളും ഓർഡർ ഒഫ് ദ ബ്രിട്ടീഷ് എംപയർ അടക്കമുള്ള അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ബെഞ്ചമിൻ, ജോസഫ് എന്നിവരാണ് വിവിയന്റെ മക്കൾ.