
കോഴിക്കോട്: ഇന്ത്യയിൽ നിന്നും മറ്റുരാജ്യങ്ങളിലേയ്ക്ക് യുവജനങ്ങളുടെ കുടിയേറ്റത്തിൽ മാറ്റമുണ്ടാകുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. അവസരങ്ങൾ ഇല്ലാതാകുന്നതിന്റെ പേരിൽ രാജ്യത്തുനിന്നും ആർക്കും മറ്റു രാജ്യങ്ങളിലേയ്ക്ക് കുടിയേറേണ്ടി വരില്ലെന്നും രാജ്യത്തിന്റെ സാഹചര്യങ്ങളിൽ മാറ്റങ്ങളുണ്ടായതായും അദ്ദേഹം പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് യുവാക്കൾ തിരികെ ഇന്ത്യയിലേയ്ക്ക് മടങ്ങുകയാണെന്നും താമരശ്ശേരി രൂപത ആസ്ഥാനത്ത് യുവജനങ്ങളുമായി നടത്തിയ സംവാദത്തിനിടയിൽ കേന്ദ്രമന്ത്രി സൂചിപ്പിച്ചു.
താമരശ്ശേരി രൂപതാ ആസ്ഥാനത്ത് നടന്ന പരിപാടിയിൽ ആയിരത്തോളം ഐടി സ്ഥാപനത്തിൽ നിന്നുള്ള യുവപ്രതിനിധികളുമായി രാജീവ് ചന്ദ്രശേഖർ സംവദിച്ചു. ചരിത്രത്തിലെ തന്നെ സംഭവബഹുലമായ ഒരു കാലഘട്ടമാണിപ്പോഴുള്ളതെന്നും കഴിഞ്ഞ വർഷങ്ങളിൽ കൊവിഡിനെതിരെ പോരാടി നേടിയ വിജയം നമ്മൾ ആഘോഷിക്കുകയാണെന്നും അദ്ദേഹം ഓർമപ്പെടുത്തി.വിദ്യാഭ്യാസ രംഗത്ത് ക്രൈസ്തവ സഭകൾ നൽകിയ സംഭാവനകളെ പ്രകീർത്തിച്ച അദ്ദേഹം ന്യൂ ഇന്ത്യ എന്ന ആശയത്തെക്കുറിച്ചും വിശദീകരിച്ച് സംസാരിച്ചു.
'ഞാൻ നേരത്തെ പറഞ്ഞത് പോലെ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം നമ്മൾ ആഘോഷിക്കുകയാണ്. നിങ്ങൾക്ക് ഒരുപക്ഷേ ഇത് ചോദിച്ചാൽ ഉത്തരം പറയാൻ കഴിഞ്ഞു എന്ന് വരില്ല. എന്നാൽ നിങ്ങളുടെ മാതാപിതാക്കൾക്കോ അവരുടെ മാതാപിതാക്കൾക്കോ അത് കഴിഞ്ഞേക്കാം. എന്തായിരുന്നു ഇന്ത്യയെക്കുറിച്ചുള്ള നറേറ്റീവ്. ഇന്ത്യയെക്കുറിച്ച് അന്താരാഷ്ട്ര ഫോറങ്ങളിലും മറ്റ് രാജ്യങ്ങളിലും എന്താണ് സംസാരിച്ചുകൊണ്ടിരുന്നത് എന്ന് ഓർമ്മിക്കണം. ഇപ്പോൾ ഉണ്ടായ വ്യത്യാസം ഏവർക്കും മനസിലാകും. ഇതാണ് കാതലായ വ്യത്യാസമെന്നും പുതിയ ഇന്ത്യയ്ക്കുണ്ടായ മാറ്റങ്ങൾ എടുത്തുകാട്ടിക്കൊണ്ട് രാജീവ് ചന്ദ്രശേഖര്‍ വിശദീകരിച്ചു.