
ലോകത്ത് നിരവധി ഫുട്ബാൾ താരങ്ങൾ പിറവിയെടുത്തിട്ടുണ്ട്.അതിൽ നിരവധിപ്പേർ ബ്രസീലുകാരുമായിരുന്നു. എന്നാൽ അന്നും ഇന്നും ലോക ഫുട്ബാളിന് ഒരു രാജാവേ ഉള്ളൂ, എഡ്സൺ അരാന്റസ് ഡി നാസിമെന്റോ എന്ന സാക്ഷാൽ പെലെ. സംഗീതത്തിൽ ബിഥോവനും മറ്റുള്ളവരും എന്നുപറയുന്നതുപോലെ ഫുട്ബാളിൽ പെലെയും മറ്റുള്ളവരും എന്ന് വിശേഷിപ്പിക്കുന്നത് അക്ഷരം ശരിയാണ്.
കളിക്കളത്തിലെ മാന്ത്രിക പ്രകടനങ്ങൾ മാത്രമായിരുന്നില്ല പെലെയെ ലോക ഫുട്ബാളിന്റെ സിംഹാസനം സമ്മാനിച്ചത്. കളിക്കളത്തിൽ നിന്ന് മാറിയിട്ട് 45 വർഷങ്ങളായിട്ടും മാറ്റുകുറയാതെ പെലെ തന്റെ ജീവശ്വാസമായി ഫുട്ബാളിനെ പ്രതിഷ്ഠിച്ചു. മുൻകാലതാരമെന്ന ചുരുക്കപ്പട്ടികയിലേക്ക് ഒതുക്കാനാവാത്തവിധം ഓരോ നിമിഷവും ഫുട്ബാളിൽ ഇടപെട്ടുകൊണ്ടിരുന്നു. ഓരോ പുതിയ താരത്തിന്റെയും വളർച്ചയെ സൂക്ഷ്മമായി നിരീക്ഷിച്ചു. പെലെ തന്നെക്കുറിച്ച് എന്തുപറയുന്നു എന്നറിയാൻ ഓരോ താരവും കാതുകൂർപ്പിച്ചു. 82 വയസും ഇടയ്ക്കിടെ ആശുപത്രിയിലെത്തിക്കുന്ന ആരോഗ്യവും ഫുട്ബാളിന്റെ പുതിയ പടവുകൾ താണ്ടാൻ അദ്ദേഹത്തിന് തടസമായില്ല.
ലോക ഫുട്ബാളിലെ പ്രതിഭാധനന്മാരായ ഒരുകൂട്ടം താരങ്ങൾ അരങ്ങുവാണ കാലഘട്ടത്തിലാണ് പെലെ കളിച്ചിരുന്നത്. പ്രതിഭകൊണ്ട് ഒപ്പം നിന്ന യുസേബിയോയ്ക്കും ഡി സ്റ്റേഫാനോയ്ക്കും ലെവ് യാഷിനുമൊന്നും സാധിക്കാത്തരീതിയിൽ ആരാധകഹൃദയങ്ങളിൽ ചിരകാല പ്രതിഷ്ഠ നടത്താനായി എന്നതാണ് പെലെയെ വേറിട്ടുനിറുത്തുന്നത്. ഫുട്ബാളിനോട് അത്ര പ്രണയമായിരുന്നു പെലെയ്ക്ക്. പെലെയ്ക്ക് പിന്നാലെ മറഡോണ വന്നപ്പോഴും പെലെയെ മാറ്റി അവിടെ പ്രതിഷ്ഠിക്കാൻ ആരാധകർ തയ്യാറായിരുന്നില്ല. പെലെയെ രാജാവായി വിശേഷിപ്പിച്ചവർ മറഡോണയെ ദൈവമായി മറ്റൊരു കസേരയിൽ ഇരുത്തുകയായിരുന്നു.
പിന്നീട് വന്നവർക്കും പിടികൊടുക്കാതെ പെലെ അദ്ദേഹമായിത്തന്നെ
നിലനിന്നതിന് കാരണം കളിക്കളത്തിലെ വിസ്മയപ്രകടനങ്ങളുടെ പിൻബലം മാത്രമായിരുന്നില്ല. മാനവികതയിലൂന്നിയ ജീവിത വീക്ഷണങ്ങളുമായിരുന്നു. ഫുട്ബാളിന്റെ മാത്രമല്ല,മനുഷ്യ സ്നേഹത്തിന്റെയും അംബാസഡറായിരുന്നു അദ്ദേഹം.