
തിരുവനന്തപുരം : ഇ.പി. ജയരാജനെതിരെ ഉയർന്ന റിസോർട്ട് വിവാദം മാദ്ധ്യമ സൃഷ്ടിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദൻ പറഞ്ഞു. പാർട്ടിക്കുള്ളിലെ വിമർശനത്തിനും സ്വയം വിമർശനത്തിനുമുള്ള സാഹചര്യത്തെ ഉപയോഗപ്പെടുത്തിയുള്ള മാദ്ധ്യമ സൃഷ്ടിയാണ് ഇ.പി, ജയരാജനെതിരെയുള്ള ആരോപണമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. വിമർശനങ്ങളും തെറ്റുതിരുത്തലുകളും പാർട്ടിക്കുള്ളിൽ ഫലപ്രദമായി നടക്കുമെന്നും മാദ്ധ്യമങ്ങളിലൂടെ വലിച്ചിഴച്ച് ചർച്ച നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ സമീപകാല രാഷ്ട്രീയ സാഹചര്യങ്ങൾ വ്യക്തമാക്കി ഇറക്കുന്ന പ്രതിവാര വീഡിയോയിലാണ് എം.വി. ഗോവിന്ദൻ ഇക്കാര്യങ്ങൾ പറഞ്ഞത്. പാർട്ടിക്ക് ഗൗരവമായ ചർച്ചകളും സ്വയംവിമർശനങ്ങളും എല്ലാം നടത്തിക്കൊണ്ടു മാത്രമേ മുന്നോട്ടുകൊണ്ടു പോകാൻ സാധിക്കുകയുള്ളൂ. അങ്ങനെയുള്ള സാഹചര്യത്തെ ഉപയോഗപ്പെടുത്തി മാദ്ധ്യമങ്ങൾ വാർത്ത സൃഷ്ടിക്കുകയും അവർതന്നെ അതിനെക്കുറിച്ച് ചർച്ച ചെയ്യുകയും വിധി പ്രഖ്യാപിക്കുകയും ചെയ്യുന്ന പ്രത്യേക കാഴ്ചയാണ് കേരളത്തിൽ കണ്ടുകൊണ്ടിരിക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
അനാവശ്യമായി പാർട്ടിയെയും കേഡർമാരെയും നേതാക്കളെയും ഏതെങ്കിലും രീതിയിൽ കൊത്തിവലിക്കുന്ന സാഹചര്യം ഉണ്ടാക്കിയിട്ട് ചർച്ച ചെയ്യുന്ന രീതിയാണ്. ഒന്നാംതീയതി മുതൽ പി.ബി അംഗങ്ങൾ മുതൽ പ്രവർത്തകർ വരെ 21 ദിവസം നീണ്ടു നിൽക്കുന്ന വീടു കയറിയുള്ള പ്രചാരണം നടത്തും. ജനങ്ങളുടെ വിമർശനങ്ങൾ കേൾക്കുമെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.