pak

കറാച്ചി: ഹിന്ദു സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വികൃതമാക്കിയ റിപ്പോർട്ടുകൾക്ക് പിന്നാലെ പാകിസ്ഥാനിൽ പ്രതിഷേധം ശക്തമാകുന്നു. സിന്ധ് പ്രവിശ്യയിലുള്ള ദയാ ഭീലാണ് (40) കൊല്ലപ്പെട്ടത്. വിധവയായ ഇവരുടെ മൃതദേഹം പ്രദേശത്തെ ഗോതമ്പ് പാടത്ത് തലയറ്റനിലയിലാണ് കണ്ടെത്തിയതെന്നും ശരീരത്തിലെ തൊലി നീക്കം ചെയ്‌തിരുന്നെന്നുമാണ് റിപ്പോർട്ട്.

സംഭവത്തിൽ അധികൃതർ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ചൊവ്വാഴ്ചയാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. പാക് സെനറ്റിലെ ദളിത് എം.പിയായ കൃഷ്ണ കുമാരി ട്വിറ്ററിലൂടെയാണ് വാർത്ത പുറംലോകത്തെ അറിയിച്ചത്. പാകിസ്ഥാനിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ വർദ്ധിക്കുന്ന ആക്രമണം തടയാൻ സർക്കാരിന് കഴിയുന്നില്ലെന്നാണ് ആരോപണം. എന്നാൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പാക് പൊലീസ് പറയുന്നത്.

അതേ സമയം, സംഭവത്തെ പറ്റിയുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ടെങ്കിലും വിശദാംശങ്ങൾ ലഭ്യമല്ലെന്നും എന്നിരുന്നാലും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ പാകിസ്ഥാൻ നടപടി സ്വീകരിക്കണമെന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചു.