nd

ന്യൂഡൽഹി​: രാജ്യത്തെ മുൻനിര മാദ്ധ്യമസ്ഥാപനങ്ങളിലൊന്നായ എൻ.ഡി.ടി.വി ഇനി​ അദാനി​ക്ക് സ്വന്തം. എൻ‌ഡി‌ടി‌വിയുടെ 27.26 ശതമാനം ഇക്വിറ്റി ഓഹരികൾ വാങ്ങിയതായി അദാനി ഗ്രൂപ്പ് അറിയിച്ചു. എൻ.‌ഡി.‌ടി‌ വിയുടെ പ്രമോട്ടർമാരായ ആർ.ആർ.പി.ആർ എന്ന കമ്പനി എൻ‌ഡി‌ടി‌വിയിലെ 27.26 ശതമാനം ഇക്വിറ്റി ഓഹരികൾ പ്രണോയ് റോയിയിൽ നിന്നും ഭാര്യ രാധികാ റോയിയിൽ നിന്നും സ്വന്തമാക്കി​യതായി​ അദാനി​ ഗ്രൂപ്പ് വൃത്തങ്ങൾ അറി​യി​ച്ചു. ഇതോടെ മാദ്ധ്യമ മേഖലയി​ലും സാന്നി​ദ്ധ്യമുറപ്പിക്കുകയാണ് അദാനി​ ഗ്രൂപ്പ്.

ഓഹരിയൊന്നിന് 342.65 രൂപ നി​രക്കി​ലായി​രുന്നു വി​ല്പനയെന്നാണ് വി​വരം. വാഗ്ദാനം ചെയ്ത തുകയുടെ 17 ശതമാനം ഉയർന്ന വി​ലയാണി​ത്. എൻ.ഡി​.ടി​വി​യുട‌െ 64.7 ശതമാനം ഓഹരി​കളും ഇതോടെ അദാനി​ ഗ്രൂപ്പി​ന് സ്വന്തമായി​.

എൻ.ഡി.ടി.വി ഗ്രൂപ്പിന് എൻ.ഡി.ടി.വി 24ഃ7, എൻ.ഡി.ടി.വി ഇന്ത്യ, എൻ.ഡി.ടി.വി പ്രോഫിറ്റ് എന്നീ ടി.വി ചാനലുകളാണുള്ളത്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും സാമൂഹികമാദ്ധ്യമങ്ങളിലും വളരെയധി​കം പ്രേക്ഷകരാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷം 85 കോടി രൂപയായി​രുന്നു ലാഭം.

കടമെടുത്തു പി​ടി​വി​ട്ടു

പ്രണോയ്‌റോയിയും ഭാര്യ രാധി​കാ റോയി​യും ചേർന്ന് രൂപീകരി​ച്ച നിക്ഷേപക കമ്പനിയായ ആർ.ആർ.പി.ആർ. 2009ൽ വിശ്വപ്രധാൻ കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്നപേരിലുള്ള കമ്പനിയിൽ നിന്ന് 403.85കോടി രൂപ വായ്പയെടുത്തതോടെയാണ് എൻ.ഡി​.ടി​വി​യുടെ പ്രശ്നങ്ങൾക്ക് തുടക്കമായത്. മുകേഷ് അംബാനിയുടെ റിലയൻസുമായി ബന്ധമുണ്ടായിരുന്ന കമ്പനി​യായി​രുന്നു വിശ്വപ്രധാൻ കൊമേഴ്‌സ്. ഇതിനെ പിന്നീട് ഗൗതം അദാനി ഏറ്റെടുത്തു. ആർ.ആർ.പി.ആറിലെ 99.5 ശതമാനം ഓഹരിയായിരുന്നു ഈടായി നൽകിയത്. ആർ.ആർ.പി.ആറിന് എൻ.ഡി.ടി.വിയിൽ 29.18 ശതമാനം ഓഹരിയാണ് ഉണ്ടായിരുന്നത്. കടം തി​രി​ച്ചടയ്ക്കാനുള്ള സമയപരി​ധി​കഴി​ഞ്ഞതോടെ കഴി​ഞ്ഞ ഓഗസ്റ്റി​ൽ ആർ.ആർ.പി​. ആറി​ന്റെ നി​യന്ത്രണം അദാനി​ക്കായി​. അതോടെ എൻ.ഡി​.ടി​വി​യുടെ 29.18 ശതമാനം ഓഹരി​കൾ ഇവരുടെ കൈകളി​ലെത്തി​. ഓപ്പൺ ഓഫർ വഴി 8.32 ശതമാനം ഓഹരി കൂടി​ ലഭി​ച്ചതോടെ ഓഹരി​പങ്കാളി​ത്തം 37.50 ശതമാനത്തോളമായി​. പ്രണോയ് റോയ്-രാധി​കാ റോയ് ദമ്പതി​കളുടെ ഓഹരി​കൾ കൂടി​ സ്വന്തമാക്കി​യതി​ലൂടെ എൻ.ഡി​.ടി​.വി​ നി​യന്ത്രണം അദാനി​ക്കായി​.