
ഷിംല: കനത്ത മഞ്ഞു വീഴ്‌ചയെത്തുടർന്ന് രോഹ്‌താംഗ് പാസിലെ അടൽ ടണലിൽ കുടുങ്ങിയ 400 വാഹനങ്ങളിലുണ്ടായിരുന്ന വിനോദ സഞ്ചാരികളെ രക്ഷിച്ചതായി അധികൃതർ അറിയിച്ചു. വ്യാഴാഴ്‌ച മണാലി - ലേ ദേശീയ ഹൈവേയിലെ തുരങ്കത്തിലും സമീപ പ്രദേശങ്ങളിലുമുണ്ടായ മഞ്ഞു വീഴ്ചയും തുടർന്നുണ്ടായ വഴുക്കലും കാരണമാണ് വാഹനങ്ങൾ കുടുങ്ങിയത്. വ്യാഴാഴ്ച തുടങ്ങിയ രക്ഷാപ്രവർത്തനം ഇന്നലെ പുലർച്ചെയാണ് അവസാനിച്ചത്.
കീലോംഗ്, മണാലി എന്നിവിടങ്ങളിൽ നിന്നുള്ള പൊലീസ് സംഘം സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. വ്യാഴാഴ്ച തുടങ്ങിയ രക്ഷാപ്രവർത്തനം 12 മണിക്കൂർ നീണ്ടു. കുടുങ്ങിപ്പോയെങ്കിലും മഞ്ഞ് വീഴ്ച കാണാനും ആസ്വദിക്കാനും കഴിഞ്ഞെന്ന് സഞ്ചാരികൾ അറിയിച്ചു. കുടുങ്ങിക്കിടന്നവർക്ക് ഭക്ഷണമുൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നതായി അധികൃതർ അറിയിച്ചു. സഞ്ചാരികൾ വാഹനങ്ങൾ ജാഗ്രതയോടെ ഓടിക്കണമെന്ന് കുളു ഡെപ്യൂട്ടി കമ്മിഷണർ അശുതോഷ് ഗാർഗ് അറിയിച്ചു. പുതുവത്സരത്തോടനുബന്ധിച്ച് നിരവധി സഞ്ചാരികളാണ് മണാലിയിലേക്കും മറ്രുമായി എത്തുന്നത്. എന്നാൽ കനത്ത മഞ്ഞു വീഴ്ച തുടരുന്ന സാഹചര്യത്തിൽ സഞ്ചാരികൾ കാൽനട യാത്ര നടത്താനുള്ള സാഹചര്യവുമുണ്ട്. ഷിംല, ചമ്പ,കിന്നൗർ, ലാഹൗൾ, സ്‌പിതി എന്നിവിടങ്ങളിലും മഞ്ഞുവീഴ്ചയെത്തുടർന്ന് ഗതാഗതം തടസപ്പെട്ടു.