hh

ശാസ്ത്രമേഖലയിൽ ഡോക്ടറേറ്റോ ഡിഗ്രിയോ,​ ഫിസിക്സും സ്പേസ് സയൻസും അറിയില്ലെങ്കിലും നാസയിൽ ജോലി ലഭിക്കാൻ ഇതാ അവസരം. വെറുതെ കിടക്കുക എന്നതാണ് ജോലി. ശമ്പളമോ 18500 യു.എസ് ഡോളർ അതായത് ഏകദേശം 15,​29,​331 ഇന്ത്യൻ രൂപ. ഒരു കിടക്കയിൽ രണ്ട് മാസം ചുമ്മാകിടക്കുകയാണ് വേണ്ടത്. കൃത്രിമ ഗുരുത്വാകർഷണം മനുഷ്യ ശരീരത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് മനസിലാക്കാനാണ് നാസയുടെ പരീക്ഷണം. ജർമൻ എയ്റോസ്പേസ് സെന്ററും യൂറോപ്യൻ സ്പേസ് ഏജൻസിയുമായി ചേർന്നാണ് നാസയുടെ ആർട്ടിഫിഷ്യൽ ഗ്രാവിറ്റി ബെഡ് റെസ്റ്റ് സ്റ്റഡി എന്ന പദ്ധതി നടപ്പാക്കുന്നത്.

മനുഷ്യശരീരത്തിൽ ഭാരമില്ലായ്മയുടെ ഹാനികരമായ പ്രത്യാഘാതങ്ങൾക്കെതിരെ സിന്തറ്റിക് ഗുരുത്വാകർഷണം എങ്ങനെ ഉപയോഗിക്കാം എന്നതാണ് ആദ്യമായി പരീക്ഷിക്കപ്പെടുന്നത്. ഇതിനായി അറുപത് ദിവസം കിടക്കയിൽ ചെലവഴിക്കേണ്ടി വരും. 24നും 55നും ഇടയിൽ പ്രായമുള്ള 12 പുരുഷൻമാരെയും 12 സ്ത്രീകളെയുമാണ് നാസ പരീക്ഷണത്തിനായി തേടുന്നത്. ജർമ്മൻ ഭാഷ അറിയുന്നവരായിരിക്കണം അപേക്ഷകർ.

ജർമ്മൻ എയ്റോ സ്പേസ് സെന്ററിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കിടക്കയിലായിരിക്കും കിടപ്പ്. ഭക്ഷണവും വിനോദങ്ങളുമെല്ലാം കിടന്ന കിടപ്പിൽ തന്നെയായിരിക്കും. 14 ദിവസത്തെ വിശ്രമവും ബഹിരാകാശ യാത്രിക ചികിത്സയും പരീക്ഷണവുമായി പൊരുത്തപ്പെടാൻ അഞ്ച് ദിവസവും 60 ദിവസത്തെ ബെഡ് റെസ്റ്റ് ഘട്ടവും ഉൾപ്പെടെ 89 ദിവസമാണ് പരീക്ഷണത്തിനായി ചെലവിടേണ്ടത്. പരീക്ഷണത്തിൽ പങ്കെടുക്കുന്ന പകുതി പേരെ ഗ്രാവിറ്റി ചേമ്പറിൽ നടത്തിയതിന് സമാനമായ പരിശോധനകൾ നടത്തും. പരീക്ഷണ സമയത്ത് വോളണ്ടിയർമാരായി എത്തുന്നവരുടെ വൈജ്ഞാനിക കഴിവുകൾ,​ പേശീബലം. ബാലൻസ്. ഹൃദയാരോഗ്യം എന്നിവ ശാസ്ത്രജ്ഞർ വിലയിരുത്തും.വിശദവിവരങ്ങൾ ജർമ്മൻ എയ്റോ സ്പേസ് ഏജൻസിയുടെ വെബ്സൈറ്രിൽ ലഭിക്കും.