inc

ന്യൂഡൽഹി: നേതാക്കളുടെ ചെലവ് ചുരുക്കലിനായി പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ച് കോൺഗ്രസ്. ലോകസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടും പാർട്ടിയ്ക്ക് ലഭിച്ച് വന്നിരുന്ന സംഭാവനകളിൽ കാര്യമായ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെയുമാണ് യാത്രാചെലവ് അടക്കം നേതാക്കളോട് പരമാവധി ചുരുക്കാനായി പാർട്ടി ആവശ്യപ്പെട്ടിട്ടുള്ളത്.

ചെലവ് ചുരുക്കലിന്റെ ഭാഗമായി വിമാനയാത്ര പരമാവധി ഒഴിവാക്കാനും പകരമായി 1,400 കിലോമീറ്റർ ദൂരം വരെ ട്രെയിൻ യാത്ര തിരഞ്ഞെടുക്കാനും എഐസിസി ജനറൽ സെക്രട്ടറിമാർക്ക് കോൺഗ്രസ് നി‌ർദേശം നൽകിയിട്ടുണ്ട്. ഈ ദൂരം വരെയുള്ള ട്രെയിൻ ടിക്കറ്റിന്റെ തുക പാർട്ടി അനുവദിച്ച് നൽകും. മേൽപ്പറഞ്ഞ ദൂരപരിധിയിൽ കൂടുതലുള്ള യാത്രകൾക്ക് കുറഞ്ഞ നിരക്കിലുള്ല വിമാനടിക്കറ്റുകളായിരിക്കണം ഇനി മുതൽ നേതാക്കൾ തിരഞ്ഞെടുക്കേണ്ടത്. കൂടാതെ പാർട്ടി സെക്രട്ടറിമാർക്ക് ഇനി മുതൽ മാസത്തിൽ രണ്ട് തവണ മാത്രമേ വിമാനയാത്ര അനുവദിക്കുകയുള്ളു. എം പി സ്ഥാനം വഹിക്കുന്ന പാർട്ടി സെക്രട്ടറിമാർ കഴിവതും സർക്കാർ യാത്രാ ആനുകൂല്യങ്ങൾ ഉപയോഗിക്കണമെന്നും ഓഫീസിൽ നിന്ന് പുറത്തുകടക്കുമ്പോൾ ഇലക്ട്രോണിക് ഉപകരണങ്ങൾ സ്വിച്ച് ഓഫ് ചെയ്യണമെന്നും നിർദേശമുണ്ട്.

രാഷ്ട്രീയമായി ദേശവ്യാപകമായി പല വെല്ലുവിളികളും നേരിടുന്ന കോൺഗ്രസ് പാർട്ടിയ്ക്ക് സമീപകാലത്ത് ലഭ്യമായി വരുന്ന സംഭാവനകളിലും വലിയ രീതിയിൽ കുറവ് രേഖപ്പെടുത്തിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2020-21 കാലത്ത് 285.76 കോടി രൂപ മാത്രമാണ് സംഭാവന വകയിൽ കോൺഗ്രസിന് ലഭിച്ചിട്ടുള്ളത്. മുന്‍വര്‍ഷം ഇത് 682.21 കോടിയും 2018-19 കാലത്ത് 918.03 കോടിയും ആയിരുന്നു.