
തിരുവനന്തപുരം: ആരാധനാലയങ്ങളിൽ പോകുന്നതും ചന്ദനക്കുറിയിടുന്നതും വർഗീയതയുടെ അടയാളമല്ലെന്ന മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ അഭിപ്രായം കോൺഗ്രസ് അനുവർത്തിച്ച് വന്ന പൊതുരാഷ്ട്രീയ നയത്തിന്റെ ഭാഗമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു.
വർഗീയ ചിന്താഗതികൾ ഗ്രസിച്ച വിഷലിപ്തമായ മനസ്സിനെയാണ് കോൺഗ്രസ് എന്നും ശക്തിയായി എതിർത്തിട്ടുള്ളത്. മതത്തിന്റെ പേരിൽ ജനങ്ങളെ വിഭജിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്. മതസൗഹാർദ്ദം നിലനിറുത്തി ഭാരതത്തിന്റെ മതേതരത്വവും അസ്തിത്വവും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ പ്രസ്ഥാനമാണ്. അതുകൊണ്ടുതന്നെ ആചാരങ്ങളുടെ പേരിൽ ആരെയും മാറ്റിനിറുത്താൻ തങ്ങൾക്കാവില്ലെന്നും സുധാകരൻ വ്യക്തമാക്കി.
അതേസമയം ഇടുക്കി ഡി.സി.സി പ്രഥമ പ്രസിഡന്റും മുൻ എം.എൽ.എയുമായ അഡ്വ. ജോസ് കുറ്റിയാനിയുടെ മുൻകാല പ്രവർത്തനങ്ങളെ വിലയിരുത്തി അദ്ദേഹത്തിന്റെ പേരിൽ സ്വീകരിച്ച അച്ചടക്ക നടപടി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പിൻവലിച്ചതായി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അറിയിച്ചു.