
നികോഷ്യ: ഇന്ത്യ ലോകത്തെ പ്രധാന ഉത്പാദന ഹബുകളിലൊന്നാകുമെന്നും 2025 ഓടെ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയുള്ള രാജ്യമാകുമെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇന്നലെ സൈപ്രസിലെ നികോഷ്യയിൽ നടന്ന വാണിജ്യ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയുടെ പ്രാധാന്യം കൂടുന്നതായും മോദി സർക്കാരിന്റെ വ്യാപാര നയങ്ങളും പരിഷ്കാരങ്ങളും നേരിട്ടുള്ള വിദേശ നിക്ഷേപത്തിനുള്ള ഏറ്റവും ശക്തമായ ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാക്കി ഇന്ത്യയെ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് വാക്സിൻ കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നായി മാറിയ ഇന്ത്യ 100 രാജ്യങ്ങളിൽ അത് വിതരണം ചെയ്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി വ്യാഴാഴ്ചയാണ് അദ്ദേഹം സൈപ്രസിലെത്തിയത്.