pele

ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടി ചരിത്രം രചിച്ച താരമാണ് പെലെ. 1958, 1962, 1970 ലോകകപ്പുകളിലായിരുന്നു ഈ കിരീടങ്ങൾ. മൂന്ന് ലോകകപ്പുകൾക്ക് ഉടമയായ മറ്റൊരു താരവും ലോകകപ്പ് ചരിത്രത്തിലില്ല. 1999ൽ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി നൂറ്റാണ്ടിന്റെ ഫുട്ബാൾ താരമായി തിരഞ്ഞെ‌ടുത്തത് പെലെയെയാണ്. 1940 ഒക്ടോബർ 23-ന് ബ്രസീലിലെ ട്രെസ് കോറക്കോസിലാണ് പെലെ ജനിച്ചത്. പിതാവ് യോവോ റാമോസ് ഡൊ നാസിമെന്റോ ഡൊണീഞ്ഞ്യോയും അമ്മ സെലെസ്റ്റേ അരാന്റസും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെട്ടിരുന്നവർ. മകന് ഒരു ഫുട്ബാൾ വാങ്ങിക്കൊടുക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. തെരുവിൽ കൂട്ടുകാർക്കൊപ്പം തകരപ്പാട്ട തട്ടിക്കളിച്ചുവളർന്ന പെലെയിലെ ഫുട്ബാൾ പ്രതിഭയെ കൂട്ടുകാർ വിസ്‌മയത്തോടെയാണ് കണ്ടത്. പ്രാദേശിക ക്ളബുകളിൽ നിന്ന് ബ്രസീലിലെ പ്രസിദ്ധമായ ഫുട്‌ബാൾ ക്ലബ്ബ് സാന്റോസിലേക്കെത്തുമ്പോൾ പെലെയ്ക്ക് 15 വയസേ ആയിരുന്നിരുള്ളൂ. 1956 സെപ്തംബർ ഏഴിന് കൊരിന്ത്യൻസിനെതിരെയായിരുന്നു സാന്റോസ് സീനിയർ ടീമിലെ ആദ്യ മത്സരം. ഒന്നിനെതിരേ ഏഴു ഗോളുകൾക്ക് സാന്റോസ് ആ മത്സരത്തിൽ ജയിച്ചപ്പോൾ ഗോളുകളിലൊന്ന് ആ 15കാരന്റെ ബൂട്ടുകളിൽ നിന്നാണ് പിറന്നത്.

1957 ജൂലായ് ഏഴിന് അർജന്റീനയ്‌ക്കെതിരെയായിരുന്നു ബ്രസീലിന്റെ ദേശീയ ടീമിൽ അരങ്ങേറ്റം. 16 വർഷവും ഒമ്പത് മാസവും പ്രായമുള്ളപ്പോഴായിരുന്നു അത്. ആദ്യ മത്സരത്തിൽത്തന്നെ പെലെ രാജ്യത്തിനായി ഗോളും നേടി.1958-ൽ ലോകകപ്പിൽ അരങ്ങേറി. കാൽമുട്ടിനേറ്റ പരിക്കുമായി കരിയറിലെ ആദ്യ മേജർ ടൂർണമെന്റിന് സ്വീഡനിലെത്തിയ പെലെ സെമിയിൽ ഫ്രാൻസിനെതിരെ ഹാട്രിക്ക് നേടി ചരിത്രത്തിൽ ഇടംപിടിച്ചു. ലോകകപ്പിൽ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന പെലെയുടെ റെക്കാഡ് ഇതുവരെ തകർക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. സ്വീഡനെതിരായ ഫൈനലിൽ പെലെ ഇരട്ട ഗോൾ നേടിയപ്പോൾ രണ്ടിനെതിരെ അഞ്ചു ഗോളിന് ജയിച്ച് ബ്രസീൽ കിരീടം നേടി. നാലു മത്സരങ്ങളിൽ ആറു ഗോളുകൾ നേടിയ പെലെയെ ടൂർണമെന്റിലെ മികച്ച യുവതാരമായി തിരഞ്ഞെടുത്തു.

നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷം ബ്രസീൽ ചിലിയിൽ വീണ്ടും ലോകകപ്പ് ഉയർത്തിപ്പോൾ പെലെയെ പരിക്ക് വേട്ടയാടുകയായിരുന്നു. ചെക്കോസ്ളൊവാക്യയ്ക്ക് എതിരെ ഒരു ലോംഗ്റേഞ്ചർ തൊടുക്കുന്നതിനിടെ പരിക്കേറ്റ പെലെയ്ക്ക് ആ ലോകകപ്പിൽ ഒരു ഗോൾ മാത്രമാണ് നേടാനായത്. എന്നാൽ 1970 ലോകകപ്പിൽ ബ്രസീൽ ചാമ്പ്യന്മാരാവുന്നതും പെലെ ഗോൾഡൻ ബോൾ നേടുന്നതും ലോകം കണ്ടു.1971 ജൂലായ് 18-ന് റിയോ ഡി ജനീറോയിൽ യൂഗോസ്ലാവിയയ്‌ക്കെതിരെയായിരുന്നു ബ്രസീൽ ജേഴ്‌സിയിലെ പെലെയുടെ അവസാന മത്സരം. രാജ്യത്തിനായി 92 മത്സരങ്ങളിൽ നിന്ന് 77 ഗോളുകൾ നേടാനായ ശേഷമായിരുന്നു ആ പടിയിറക്കം. ആറു വർഷംകൂടി കഴിഞ്ഞ് പെലെ പ്രൊഫഷണൽ കരിയർ അവസാനിപ്പിച്ചു. 1977 ഒക്ടോബർ ഒന്നിന് ന്യൂയോർക്ക് കോസ്‌മോസും സാന്റോസും തമ്മിലുള്ള മത്സരത്തിലൂടെ പെലെ വിടവാങ്ങി. പ്രൊഫഷണൽ കരിയറിൽ ഈ രണ്ട് ക്ലബുകൾക്കായി മാത്രമേ പെലെ ബൂട്ടണിഞ്ഞിട്ടുള്ളൂ.

കളിക്കളത്തിനോട് വിടപറഞ്ഞ് 45 വർഷങ്ങൾ പിന്നിടുമ്പോടും അദ്ദേഹം സൃഷ്ടിച്ച മാസ്മരികത ഇന്നും പോറലേൽക്കാതെ നിലകൊള്ളുന്നു എന്നതുമാത്രം മതി പെലെ ലോകഫുട്ബാളിന് ആരായിരുന്നു എന്ന് മനസിലാക്കാൻ.