egg-diet

ശരീരഭാരം നിയന്ത്രിക്കാനായി പ്രയത്നിക്കുന്നവർ വണ്ണം കൂടുന്നതിന് സഹായകമായ പല ഭക്ഷണപദാർത്ഥങ്ങളും ആഹാരക്രമത്തിൽ നിന്നും ഒഴിവാക്കാറുണ്ട്. പലപ്പോഴും ഇത്തരത്തിൽ ഒഴിവാക്കപ്പെടുന്ന ഒന്നാണ് മുട്ട. പക്ഷേ ശരീരഭാരം നിയന്ത്രിക്കുന്നവർക്ക് ഭയമില്ലാതെ തന്നെ കഴിക്കാവുന്ന ഒന്നാണ് മുട്ട എന്നാണ് യാഥാർത്ഥ്യം.

പ്രോട്ടീൻ, വിറ്റാമിൻ എ, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ, വിറ്റാമിൻ ബി 12, ഫോളേറ്റ്, സെലിനിയം, ഇരുമ്പ്, റൈബോഫ്ലേവിൻ, കോളിൻ, ആന്റി ഓക്‌സിഡന്റുകൾ, ല്യൂട്ടിൻ, സിയാക്‌സാന്തിൻ എന്നിവയാൽ സമൃദ്ധമാണ് മുട്ടകൾ അതിനാൽ തന്നെ ഭാരനിയന്ത്രണം കൂടാതെ പേശീ വളർച്ച, തലച്ചേറിന്റെ പ്രവ‌ർത്തനം വർദ്ധിപ്പിക്കുക, പേശികളുടെ വളർച്ച എന്നിവയ്ക്കും മുട്ടയിലെ പോഷകങ്ങൾ സഹായകരമാണ്.

തടി കുറയ്ക്കാൻ ആഗ്രഹമുള്ളവരും ഇതിനായി ജിമ്മിൽ പോകുന്നവരും ഉപയോഗിക്കുന്ന ഒന്നാണ് മുട്ട. മുട്ടയിലെ പ്രോട്ടീനുകൾ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യപ്പെടാൻ കൂടുതൽ സമയമെടുക്കും. അതിനാൽ തന്നെ ഇത് കഴിച്ച് കഴിഞ്ഞാൽ കുറേയേറെ സമയത്തേയ്ക്ക് വിശപ്പ് അനുഭവപ്പെടില്ല എന്ന ഗുണവുമുണ്ട്. മുട്ട ഓംലറ്റായും പുഴുങ്ങിയും ബുള്‍സൈ ആയും പൊരിച്ചുമെല്ലാം കഴിയ്ക്കാവുന്നതാണ്. പോച്ച്ഡ് എഗ് മറ്റൊരു വഴിയാണ്. തിളച്ച വെള്ളത്തില്‍ മുട്ട പൊട്ടിച്ചൊഴിച്ച് വേവിച്ചെടുക്കുന്ന രീതിയാണിത്. ഇത് തടി കുറയ്ക്കാന്‍ നല്ലതാണ്.

എണ്ണ അധികം ഉപയോഗിക്കാതെയുള്ള ഭക്ഷണക്രമമാണ് ശരീരഭാരം നിയന്ത്രിക്കാനായി ഉത്തമം. എന്നാൽ മുട്ട പാചകം ചെയ്യാനായി എണ്ണ ഉപയോഗിക്കുന്നുവെങ്കിൽ അതിനായി വെളിച്ചെണ്ണ തിരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം. കാരണം തടി കുറയ്ക്കാനായി പിന്തുടരുന്ന കീറ്റോ ഡയറ്റിലെ പ്രധാനിയാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയ്ക്ക് പകരമായി ഒലീവ് ഓയിലും ഉപയോഗിക്കാവുന്നതാണ്.

സമീകൃതാഹാരമായ മുട്ട പ്രാതലിൽ ഉൾപ്പെടുത്തുന്നത് വണ്ണം കുറയ്ക്കാൻ നല്ലതാണ്. കലോറി ഏറെ കുറഞ്ഞ പുഴുങ്ങിയ മുട്ട കഴിക്കുന്ന സമയത്ത് പെട്ടെന്ന് വയർ നിറഞ്ഞതായി തോന്നുമെങ്കിലും ശരീരത്തിന് ഒരിക്കലും ഒരു അമിതഭക്ഷണമായി മാറുകയില്ല. മുട്ടയില്‍ 78 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. അതേ സമയം ധാരാളം പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുമുണ്ട്.