
തിരുവനന്തപുരം : ദുരന്തനിവാരണ അതോറിറ്റി നടത്തിയ മോക്ഡ്രില്ലിനിടെ പത്തനംതിട്ടയിൽ കല്ലൂപ്പാറ സ്വദേശി
ബിനു സോമൻ മരണപ്പെട്ട സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. ചീഫ് സെക്രട്ടറിക്കാണ് മുഖ്യമന്ത്രി  ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്.
സംഭവത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ നിർദേശാനുസരണം പത്തനംതിട്ട ജില്ലാ കളക്ടർ കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പ് തല അന്വേഷണം നടത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്.
പ്രകൃതിക്ഷോഭം നേരിടുന്നതിനുള്ള മോക്ഡ്രില്ലിനിടെ വെണ്ണിക്കുളം കോമളം പാലത്തിന് സമീപമായിരുന്നു ഇന്നലെ അപകടം ഉണ്ടായത്. സന്നദ്ധ പ്രവർത്തകനായ ബിനു വെള്ളത്തിൽ രക്ഷാപ്രവർത്തനം അനുകരിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും മുങ്ങിപ്പോവുകയുമായിരുന്നു. ദേശീയ ദുരന്ത പ്രതികരണ സേനാംഗങ്ങൾ യുവാവിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു യുവാവിനെ രക്ഷിക്കാൻ തക്കസമയത്ത് ഇടപെടലുണ്ടായില്ലെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു.