space

ന്യൂയോർക്ക് : ഇന്ന് ഡിസംബർ 31... 2022ലെ അവസാന ദിനം. പ്രതീക്ഷകളുടെ പുതിയ ഒരു വർഷത്തിലേക്ക് നാളെ നാം മിഴിതുറക്കും. ഒരുപാട് നാഴിക കല്ലുകൾ പാകിയാണ് 2022 വിടവാങ്ങുന്നത്. ഈ അവസരത്തിൽ 2022ൽ ബഹിരാകാശ ലോകത്തുണ്ടായ ചില പ്രധാന സംഭവവികാസങ്ങളിലൂടെ കണ്ണോടിക്കാം.

 നവംബർ 16 - ആർട്ടെമിസ്

അമേരിക്കൻ സ്‌പേസ് ഏജൻസിയായ നാസയുടെ ആർട്ടെമിസ് - 1 ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39 ബിയിൽ നിന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.17ന് കുതിച്ചുയർന്നു. ലോകത്തെ ഏറ്റവും ശക്തമായ റോക്കറ്റായ എസ്.എൽ.എസ് (സ്‌പേസ് ലോഞ്ച് സിസ്റ്റം) ആണ് ആർട്ടെമിസ് 1ലെ ആളില്ലാ പേടകമായ 'ഒറിയോണി"നെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിച്ചത്. ദൗത്യം പൂർത്തിയാക്കിയ ഒറിയോൺ ഡിസംബർ 11ന് ഇന്ത്യൻ സമയം രാത്രി 11.10ന് മെക്സിക്കോയിലെ ബഹാ കാലിഫോർണിയ തീരത്തിന് സമീപം പസഫിക് സമുദ്രത്തിൽ പതിച്ചു.

നീണ്ട അര നൂറ്റാണ്ടിന് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ സ്വപ്ന പദ്ധതിയായ ആർട്ടെമിസ് മിഷന്റെ ഭാഗമാണ് ആർട്ടെമിസ് - 1. മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്ന ആർട്ടെമിസ് - III യ്ക്ക് മുന്നോടിയായുള്ള റിഹേഴ്സലാണ് ആർട്ടെമിസ് - I. 1972ൽ അപ്പോളോ 17ലൂടെയാണ് മനുഷ്യൻ അവസാനമായി ചന്ദ്രനിലിറങ്ങിയത്.


ജൂലായ് 12 - ജെയിംസ് വെബ്

പ്രപഞ്ചോൽപത്തിയ്ക്ക് ശേഷം രൂപപ്പെട്ട ആദിമ നക്ഷത്രങ്ങളും ഗാലക്സികളും നിറഞ്ഞ പ്രപഞ്ചത്തിന്റെ ഏറ്റവും വിദൂരതയിലുള്ളതും വ്യക്തവുമായ ഇൻഫ്രാറെഡ് കളർച്ചിത്രം ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് പുറത്തുവിട്ടു. ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലുതും ശക്തവുമായ സ്പേസ് ടെലിസ്കോപ്പായ ജെയിംസ് വെബ് നാസ, യൂറോപ്യൻ സ്പേസ് ഏജൻസി, കനേഡിയൻ സ്പേസ് ഏജൻസി എന്നിവയുടെ സംയുക്ത സംരംഭമാണ്.

ആയിരക്കണക്കിന് ഗ്യാലക്സികളെയും നക്ഷത്രങ്ങളെയും ഈ ചിത്രങ്ങളിൽ കാണാം. 1,300 കോടി വർഷങ്ങൾക്ക് മുമ്പുള്ള ഗ്യാലക്സികളെ വരെ ഭൂമിയിൽ നിന്ന് ഏകദേശം 10 ലക്ഷം മൈൽ അകലെയുള്ള ജെയിംസ് വെബ് പകർത്തി. ഉൽപ്പത്തിയ്ക്ക് ശേഷം ഏകദേശം 1,380 കോടി വർഷങ്ങൾക്ക് മുമ്പാണ് പ്രപഞ്ചം വികസിക്കാൻ തുടങ്ങിയതെന്നാണ് കരുതുന്നത്.

ഭൂമിയിൽ നിന്ന് 1,150 പ്രകാശവർഷം അകലെയുള്ളതും 2014ൽ കണ്ടെത്തിയതുമായ WASP-96 b എന്ന വാതക ഭീമൻ ഗ്രഹത്തെ നിരീക്ഷിച്ച് ജെയിംസ് വെബ് ശേഖരിച്ച അന്തരീക്ഷത്തിന്റെ ഘടനയുടെ സ്പെക്ട്രവും നാസ പുറത്തുവിട്ടു. WASP-96 bയുടെ അന്തരീക്ഷത്തിൽ ജല ബാഷ്പത്തിന്റെ അംശമുണ്ടെന്ന് ഈ സ്പെക്ട്രം സൂചിപ്പിക്കുന്നു.

 സെപ്റ്റംബർ 27 - ഡാർട്ട്

ശാസ്ത്രലോകത്തിന്റെ ഏറ്റവും വലിയ ആശങ്കകളിൽ ഒന്നാണ് ഭൂമിയിൽ സംഭവിച്ചേക്കാവുന്ന ഛിന്നഗ്രഹ പതനം. എന്നാൽ,​ കൈനറ്റിക് ഇംപാക്ടർ " സാങ്കേതിക വിദ്യയിലൂടെ ഭൂമിക്ക് നേരെ വന്നേക്കാവുന്ന ഛിന്നഗ്രഹത്തിന്റെ സഞ്ചാരപഥം വ്യതിചലിപ്പിക്കാമെന്ന് നാസ തെളിയിച്ചു.

സെപ്റ്റംബർ 27ന് പുലർച്ചെ ഇന്ത്യൻ സമയം, 4.44ന് നാസ വിക്ഷേപിച്ച ' ‌ഡബിൾ ആസ്‌റ്ററോയ‌്ഡ് റീഡയറക്ഷൻ ടെസ്റ്റ് " അഥവാ ' ഡാർട്ട് ( DART ) " ഭൂമിയിൽ നിന്ന് 110 ലക്ഷം കലോമീ​റ്റർ അകലെ ' ഡിഡിമോസ് " എന്ന ഛിന്നഗ്രഹത്തിന് ചുറ്റും കറങ്ങുന്ന ' ഡൈമോർഫസ് " (ഡിഡിമൂൺ) എന്ന ചെറു ഛിന്നഗ്രഹത്തിലേക്ക് ഇടിച്ചിറങ്ങി.

ഇടിയുടെ ഫലമായി ഡൈമോർഫസിന്റെ സഞ്ചാര പാതയിൽ നേരിയ വ്യതിയാനമുണ്ടായി. 11 മണിക്കൂർ 55 മിനിറ്റായിരുന്നു ഡിഡിമോസിന് ചുറ്റുമുള്ള ഡൈമോർഫസിന്റെ ഭ്രമണ സമയം. ഇടിക്ക് പിന്നാലെ ഇത് ഏകദേശം 11 മണിക്കൂർ 23 മിനിറ്റായി.

ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ പങ്കാളിത്തമുള്ള ഡാർട്ടിലൂടെ ഭാവിയിൽ ഭൂമിയ്ക്ക് നേരെ വരുന്ന ഛിന്ന ഗ്രഹങ്ങളെയോ ഉൽക്കകളെയോ ഇടിച്ച് അവയുടെ ഗതിമാറ്റാമെന്ന് നാസ പ്രതീക്ഷിക്കുന്നു. ഇനി ഇതിൽ കൂടുതൽ ഗവേഷണങ്ങൾ വേണം. 570 കിലോഗ്രാം ആയിരുന്നു ഡാർട്ടിന്റെ ഭാരം. മണിക്കൂറിൽ 22,530 കിലോമീറ്റർ വേഗതയിലാണ് 160 മീ​റ്റർ വലിപ്പമുള്ള ഡൈമോർഫസിലേക്ക് ഡാർട്ട് ഇടിച്ചത്.

 ഒക്ടോബർ 24 - യു.എഫ്.ഒ പഠനം

തിരിച്ചറിയാൻ കഴിയാത്ത അജ്ഞാത ആകാശ വസ്തുക്കൾ പൊതുവെ പറക്കും തളികകൾ അല്ലെങ്കിൽ യു.എഫ്.ഒകൾ അല്ലെങ്കിൽ തിരിച്ചറിഞ്ഞിട്ടില്ലാത്ത ആകാശ പ്രതിഭാസങ്ങൾ (Unidentified aerial phenomena) എന്നറിയപ്പെടുന്നു. യു.എഫ്.ഒകളെ അന്യഗ്രഹ ജീവികളുമായി ബന്ധപ്പെടുത്തി നിരവധി കഥകൾ പ്രചാരത്തിലുണ്ടെങ്കിലും അവ സാങ്കല്പികമാണെന്ന് ശാസ്ത്രലോകം പറയുന്നു.

ശരിക്കും യു.എഫ്.ഒകൾ എന്താണെന്നും അവയ്ക്ക് ശരിയായ നിർവചനം കണ്ടെത്താനും നാസ പഠനം ആരംഭിച്ചു. ആകാശത്ത് അജ്ഞാത വസ്തുക്കളെ കണ്ടത് സംബന്ധിച്ച് നിലവിലുള്ള ഡേറ്റ നാസ ടീം ശേഖരിക്കുന്നുണ്ട്.16 അംഗ ടീമിന്റെ പഠന റിപ്പോർട്ട് 2023 പകുതിയോടെ ലഭ്യമാകുമെന്ന് കരുതുന്നു. 9 മാസമാണ് പഠന കാലയളവ്.

യു.എഫ്.ഒകളെ ആകാശത്ത് കണ്ടത് സംബന്ധിച്ച നിരവധി റിപ്പോർട്ടുകൾ യു.എസ് പ്രതിരോധ വിഭാഗമായ പെന്റഗൺ പുറത്തുവിട്ടിട്ടുണ്ട്. യു.എഫ്.ഒകളുടെ ഉത്ഭവത്തിന് ഭൂമിയ്ക്ക് പുറത്തേക്ക് ബന്ധമില്ലെന്നാണ് പെന്റഗണും പറയുന്നത്. യു.എസിന്റെ പ്രതിരോധ സംവിധാനങ്ങളെ നിരീക്ഷിക്കാൻ ശത്രുരാജ്യങ്ങൾ വിന്യസിച്ച അജ്ഞാത ഡ്രോണുകളോ മറ്റോ ആകാമെന്നും ചിലർ വാദിക്കുന്നുണ്ട്.