politics

ന്യൂയോർക്ക് : ലോകരാഷ്ട്രീയ ഭൂപടത്തെ മാറ്റിമറിച്ച വർഷമായിരുന്നു 2022. നാളെ 2023 പിറക്കാനിരിക്കെ ഈ വർഷം രാഷ്ട്രീയ ലോകം പിന്നിട്ട ചില വഴികളിലൂടെ....

 യുക്രെയിൻ അധിനിവേശം

ഫെബ്രുവരി 24....യുക്രെയിൻ സമയം പുലർച്ചെ 3.30ന് തുറമുഖ നഗരമായ മരിയൂപോളിൽ ഉഗ്ര സ്ഫോടനശബ്ദം. പിന്നാലെ തലസ്ഥാനമായ കീവ്, ഒഡേസ, കിഴക്കൻ ഡൊണെസ്കിലെ ക്രാമറ്റോർസ്ക്, ഖാർകീവ്, നിപ്രോ, സുമി, സൈറ്റോമയർ, ലിവീവ് തുടങ്ങിയ നഗരങ്ങളിൽ ഒന്നിന് പിറകെ ഒന്നായി റഷ്യൻ മിസൈലുകളുടെ തീമഴ പെയ്തിറങ്ങി. ഇതിനിടെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ആ പ്രഖ്യാപനവുമുണ്ടായി; കിഴക്കൻ യുക്രെയിനിലെ (ഡോൺബാസ് ) ജനങ്ങളുടെ സുരക്ഷയ്ക്ക് 'പ്രത്യേക സൈനിക നടപടി" ആരംഭിക്കുന്നു...റഷ്യൻ നടപടിയിൽ ഇടപെടാൻ ശ്രമിച്ചാൽ അവർ ഒരിക്കലും കണ്ടിട്ടില്ലാത്ത തരം അനന്തരഫലം നേരിടേണ്ടി വരും.!

ചോരയിൽ കുളിച്ച യുക്രെയിൻ ജനതയുടെ മുഖങ്ങൾ ലോകം നടുക്കത്തോടെ കണ്ടു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ സൈനിക നടപടി. പതിനായിരങ്ങൾ മരിച്ചു വീണു. ഇന്നും എങ്ങുമെത്താതെ,​ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങൾ മറികടന്ന് റഷ്യയുടെ അധിനിവേശം തുടരുന്നു. ഒപ്പം ആണവായുധ പ്രയോഗമുണ്ടാകുമോ എന്ന ഭീതിയിൽ ലോകവും.

 ആബെ വധം

ജപ്പാന്റെ ​ച​രി​ത്ര​ത്തി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​കാ​ലം​​​​ ​പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന​ ​ഷി​ൻ​സോ​ ​ആ​ബെ ജൂലായ് 8ന് പ​ടി​ഞ്ഞാ​റ​ൻ​ ​ജ​പ്പാ​നി​ലെ​ ​നാ​രാ​ ​ന​ഗ​ര​ത്തി​ലെ​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ന് ​പു​റ​ത്ത്,​​​ ​ട്രാ​ഫി​ക് ​ഐ​ല​ൻ​ഡി​ൽ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണ​യോ​ഗ​ത്തി​ൽ​ ​പ്ര​സം​ഗി​ക്കു​മ്പോ​ൾ വെടിയേറ്റ് കൊല്ലപ്പെട്ടു.​ ​തെ​ത്‌​സു​യാ​ ​യ​മ​ഗാ​മി​ ​എ​ന്ന​ 41​ ​കാ​ര​നാ​ണ് ആബെയെ വധിച്ചത്. ഇയാൾ മുൻ നാവികസേനാംഗമാണ്. ​ഇ​ന്ത്യ​യു​ടെ​യും​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​യു​ടെ​യും​ ​ഉ​റ്റ​ ​സു​ഹൃ​ത്താ​യി​രു​ന്ന​ ​ആ​ബെ​യു​ടെ​ ​വി​യോ​ഗ​ത്തി​ൽ​ ​ഇ​ന്ത്യയും ​ദുഃ​ഖാചരണം നടത്തി.

 പെലോസിയുടെ തായ്‌വാൻ സന്ദശനം

ചൈനയിൽ നിന്നുള്ള ശക്തമായ എതിർപ്പുകൾ മറികടന്ന് യു.എസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസി ഓഗസ്റ്റ് 2ന് തായ്‌വാനിലെത്തി. പിന്നാലെ തായ്‌വാൻ - ചൈന, ചൈന - യു.എസ് ബന്ധത്തിൽ വിള്ളലുണ്ടായി. ചൈനീസ് സൈന്യം തായ്‌വാൻ കടലിടുക്കിൽ അഭ്യാസപ്രകടനങ്ങൾ നടത്തി. തായ്‌വാന്റെ കിഴക്കൻ കടലിൽ വിമാനവാഹിനി ഉൾപ്പെടെ നാല് യുദ്ധക്കപ്പലുകൾ വിന്യസിച്ച് യു.എസും എന്തും നേരിടാൻ സജ്ജമായി. സ്വയംഭരണാധികാരമുള്ള ദ്വീപായ തായ്‌വാനെ തങ്ങളുടെ ഭാഗമായാണ് ചൈന കാണുന്നത്.

ബ്രിട്ടണിലെ പ്രതിസന്ധി

പാർട്ടിഗേറ്റ് ഉൾപ്പെടെയുള്ള വിവാദങ്ങൾക്ക് പിന്നാലെ ജൂലായ് 7 ന് കൺസർവേറ്റീവ് പാർട്ടി നേതാവ് ബോറിസ് ജോൺസൺ പ്രധാനമന്ത്രി പദവി രാജിവച്ചു. പിന്നാലെ സെപ്റ്റംബർ 6ന് അധികാരമേറ്റ ലിസ് ട്രസ് സാമ്പത്തിക നയത്തിലെ വീഴ്ചയുടെ പേരിൽ ഒക്ടോബർ 25ന് രാജിവച്ചു. തുടർന്ന് ഇന്ത്യൻ വംശജനായ ഋഷി സുനക് രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ചരിത്രം സൃഷ്ടിച്ചു.

 ശ്രീലങ്കൻ കലാപം

സാമ്പത്തികമാന്ദ്യവും വിലക്കയറ്റവും രാജ്യത്തിന്റെ നട്ടെല്ലൊടിച്ചതിന് പിന്നാലെ മാർച്ചിൽ ശ്രീലങ്കയിൽ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടു. മഹിന്ദ, ഗോതബയ രാജപക്സമാർ പ്രധാനമന്ത്രി, പ്രസിഡന്റ് പദവികൾ രാജിവച്ചു. റനിൽ വിക്രമസിംഗെ പുതിയ പ്രസിഡന്റായതോടെ കലാപത്തിന് അന്ത്യം

 ഹിജാബ് വിരുദ്ധ പ്രക്ഷോഭം

ഹിജാബ് ധരിക്കാത്തതിന് ഇറാനിൽ സദാചാര പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മഹ്സ അമിനി എന്ന 22കാരി മരിച്ചതിന് പിന്നാലെ സെപ്തംബർ 16 മുതൽ രാജ്യത്ത് സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രക്ഷോഭങ്ങൾ തുടങ്ങി. പ്രക്ഷോഭത്തിനിടെ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലുകളിൽ ഇതുവരെ 700ലേറെ പേർ കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക കണക്ക്.

 ഇമ്രാന്റെ പതനം

പാകിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ് ( പി.ടി.ഐ ) പാർട്ടി നേതാവായ ഇമ്രാൻ ഖാൻ ( 70 ) ഏപ്രിൽ 10ന് പാർലമെന്റിലെ അവിശ്വാസ വോട്ടിലൂടെ പ്രധാനമന്ത്രി പദത്തിൽ നിന്ന് പുറത്ത്. നവംബറിൽ പഞ്ചാബ് പ്രവിശ്യയിലെ ഗുജ്‌റൻവാലയിലെ റാലിക്കിടെ ഇമ്രാന് നേരെ വധശ്രമമുണ്ടായി.

 അധികാര കൈമാറ്റങ്ങൾ

 ബ്രസീൽ - ലൂയിസ് ഇനാഷ്യോ ലൂല ഡ സിൽവ,​ പ്രസിഡന്റ്

 ഫിലിപ്പീൻസ് - ഫെർഡിനന്റ് മാർകോസ് ജൂനിയർ,​ പ്രസിഡന്റ്

 ഇറ്റലി - ജോർജിയ മെലോനി,​ പ്രധാനമന്ത്രി

 ബ്രിട്ടൺ - ഋഷി സുനക്,​ പ്രധാനമന്ത്രി

 നേപ്പാൾ - പുഷ്പ കമൽ ദഹാൽ പ്രചണ്ഡ,​ പ്രധാനമന്ത്രി

 ഓസ്ട്രേലിയ - ആന്റണി ആൽബനീസ്,​ പ്രധാനമന്ത്രി

 ഇസ്രയേൽ - ബെഞ്ചമിൻ നെതന്യാഹു, പ്രധാനമന്ത്രി

മലേഷ്യ - അൻവർ ഇബ്രാഹിം,​ പ്രധാനമന്ത്രി