biriyani

എല്ലാത്തരം ഭക്ഷണപ്രിയർക്കും ഏറെ പ്രിയങ്കരമായ ഭക്ഷണവിഭവങ്ങളിലൊന്നാണ് ബിരിയാണി എന്നതിൽ സംശയമില്ല. അത് കൊണ്ട് തന്നെ 2022ൽ ഏറ്റവും കൂടുതൽ പേർ ഓർഡർ ചെയ്ത ഭക്ഷണമായി ബിരിയാണിയെ തിരഞ്ഞെടുത്താൽ അതിൽ അത്ഭുപ്പെടാനൊന്നുമില്ല എന്നായിരിക്കും ഭക്ഷണ പ്രേമികളുടെ പ്രതികരണം. എന്നാൽ രുചിഭേദത്തിലെ കൊമ്പനായി അറിയപ്പെടുന്ന ബിരിയാണിയെ കടത്തിവെട്ടി ഈ വർഷം ഏറ്റവും കൂടുതൽ പേർ ഓർഡർ ചെയ്തത് മറ്റൊരു ഭക്ഷണവിഭവമാണ്.

മലയാളികളുടെ ദേശീയ ഭക്ഷണമെന്നറിയപ്പെടുന്ന പെറോട്ടയാണ് സ്വീകാര്യതയിലും ഓർഡർ കണക്കുകളിലെയും ഈ വർഷത്തെ താരമെന്നാണ് പ്രമുഖ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയുടെ കണക്കുകൾ. 25 ലക്ഷത്തോളം പെറോട്ടകൾക്കുള്ള ഓർഡറുകളാണ് ഈ വർഷം സ്വിഗ്ഗിയ്ക്ക് ലഭിച്ചത്. കൃത്യമായി പറഞ്ഞാൽ 24,65,507 പൊറോട്ടകൾ. രണ്ടാം സ്ഥാനത്തുള്ള ചിക്കൻ ബിരിയാണി 4.27 ലക്ഷം ഓർഡറുകളുമായി ബഹുദൂരം പിന്നിലാണ്.2.61 ലക്ഷം ഇടിയപ്പവും ഓണ്‍ലൈനില്‍ വിറ്റു. മസാല ദോശയാണ് അഞ്ചാം സ്ഥാനത്ത്.

മൈദ കൊണ്ട് നിർമിക്കുന്നതിനാൽ ശരീരത്തിന് അത്ര നല്ലതല്ലന്നും പോഷകഗുണങ്ങളടങ്ങിയിട്ടില്ല എന്നുമുള്ല കുറ്റപ്പെടുത്തലുകൾക്കിടയിലും മലയാളികൾ പ്രഭാതഭക്ഷണത്തിനടക്കം പെറോട്ടയാണ് ഡിമാൻഡ് ചെയ്യുന്നതായാണ് ഹോട്ടലുടമകളും പറയുന്നത്. ദിവസവും 700 മുതല്‍ 800 പൊറോട്ട വരെ കച്ചവടം ചെയ്യാറുണ്ടെന്നാണ് ഇവര്‍ പറയുന്നത്. പൊറോട്ടയ്‌ക്കൊപ്പം ചിക്കന്‍ കറിക്കും ബീഫ് കറിക്കുമാണ് ഏറെയും ആവശ്യക്കാരെത്തുന്നത്.