dubai

ദുബായ്: താമസസ്ഥലത്തെ ജല, വൈദ്യുത ഉപയോഗം നിയന്ത്രിക്കുകയും അതുവഴി ബില്‍ തുക കുറയ്ക്കുകയും ചെയ്യാൻ സഹായകരമാകുന്ന സംവിധാനവുമായി ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി അഥവാ ദേവ. മൈ സസ്‌റ്റെയ്നബിൾ ലിവിംഗ് പ്രോഗ്രാം അഥവാ എന്റെ സുസ്ഥിര ജീവിത പരിപാടി എന്ന പേരില്‍ ദേവ തയ്യാറാക്കിയ ഒരു ഡാഷ്‌ബോര്‍ഡാണ് ഇതിന് സഹായിക്കുക. ദേവ അക്കൗണ്ടുള്ള ഓരോ ഉപഭോക്താവിനും ദേവയുടെ ഡാഷ്ബോര്‍ഡ് ലഭ്യമാവും.

ഓരോ വ്യക്തിയുടെയും ഉപഭോഗത്തെക്കുറിച്ചുള്ള ഉപയോഗപ്രദമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഡാഷ്‌ബോര്‍ഡ്. വാട്ടര്‍, ഇലക്ട്രിസിറ്റി ബില്ലുകള്‍ അടയ്ക്കുക എന്നതിനൊപ്പം തന്നെ ജല, വൈദ്യുതി ഉപഭോഗത്തിന്റെ സൂക്ഷ്മമായ വിശദാംശങ്ങള്‍ പോലും ഉള്‍ക്കൊള്ളുന്നതാണ് ഈ ഡാഷ്‌ബോര്‍ഡ്. ജല, വൈദ്യുതി ഉപയോഗവുമായി ബന്ധപ്പെട്ട വാര്‍ഷിക വിവരങ്ങളും അതുപോലെ പ്രതിമാസ വിവരങ്ങളും തമ്മില്‍ താരതമ്യം ചെയ്യാനുള്ള സംവിധാനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

►ദേവ ഉപയോഗിച്ച് വൈദ്യുതി, ജല ഉപഭോഗം കുറയ്ക്കാവുന്ന രീതി

ദേവ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത് താഴെ ഇടതുവശത്തുള്ള 'എന്റെ സുസ്ഥിര ജീവിത പരിപാടി' എന്ന ഐക്കണ്‍ ക്ലിക്ക് ചെയ്താല്‍ ഡാഷ്‌ബോര്‍ഡിലേക്ക് പ്രവേശിക്കാവുന്നതാണ്.

അതിന് ശേഷം

•നിങ്ങളുടെ വീട്ടില്‍ എത്ര ആളുകള്‍ താമസിക്കുന്നു?

•വീട്ടില്‍ 18 വയസ്സിന് താഴെയുള്ള എത്ര പേര്‍ താമസിക്കുന്നു? -

•വീട്ടില്‍ എത്ര കിടപ്പുമുറികളുണ്ട്?

•വീടിന്റെ ഉപരിതല വിസ്തീര്‍ണ്ണം എത്ര ചതുരശ്ര മീറ്ററാണ്? -

•നിങ്ങള്‍ വില്ലയിലാണ് താമസിക്കുന്നതെങ്കില്‍, നിങ്ങള്‍ക്ക് സ്വന്തമായി സ്വിമ്മിംഗ് പൂള്‍ ഉണ്ടോ?

എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കികുക, ശേഷം ഈ വിവരങ്ങൾ സേവ് ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി വീട്ടിലെ വൈദ്യുതി, ജല ഉപഭോഗം ലാഭിക്കുന്നതിനുള്ള വിവിധ ടിപ്പുകള്‍ ലഭിക്കും. അവയില്‍ നിന്ന് പിന്തുടരാന്‍ ആഗ്രഹിക്കുന്നവ തിരഞ്ഞെടുക്കുന്നത് വഴി 'മൈ സേവിംഗ് പ്ലാന്‍' എന്നതില്‍ സേവ് ചെയ്യപ്പെടും.

ദേവയുടെ ഡാഷ്ബോര്‍ഡിലെ ഉപയോഗപ്രദമായ മറ്റ് സവിശേഷതകളിലൊന്നാണ് 'എവേ മോഡ്'. വൈദ്യുതി, ജല ഉപഭോഗം സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ഏറെ സഹായപ്രദമായ സംവിധാനമാണിത്. വീട്ടില്‍ താമസക്കാർ ഇല്ലാതിരിക്കുമ്പോൾ എന്തെങ്കിലും അസാധാരണമായ ഉപഭോഗം ഇവയുടെ കാര്യത്തില്‍ ഉണ്ടെങ്കില്‍ അത് നിങ്ങളെ അറിയിക്കും. അപ്ഡേറ്റുകള്‍ ദിവസേനയോ ആഴ്ചയിലോ ഇമെയില്‍ വഴിയായിരിക്കും ലഭിയ്ക്കുക.