
തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന പ്രതി ശ്യാംലാൽ കസ്റ്റഡിയിൽ. കേസിന്റെ അന്വേഷണ ചുമതലയുള്ള പ്രത്യേക സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇന്റർവ്യൂ ചെയ്യുന്നതിനായി ഉദ്യോഗാർത്ഥികളെ ടൈറ്റാനിയത്തിൽ എത്തിച്ചത് ശ്യാംലാലാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ടൈറ്റാനിയം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റർ ചെയ്ത 14 കേസുകളിലും പ്രതിയാണ് ശ്യാംലാൽ. ഇയാളെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണെന്നാണ് വിവരം.
പ്രധാന ഇടനിലക്കാരായ ദിവ്യ നായർ, അഭിലാഷ് എന്നിവരെ നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. ഇവർ പിടിയിലായതോടെ മറ്റ് പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. മറ്റൊരു പ്രധാന പ്രതിയായ ടൈറ്റാനിയം ലീഗൽ ഡിജിഎം ശശികുമാരൻ തമ്പിയെ ഇതുവരെയും പിടികൂടാൻ സാധിച്ചിട്ടില്ല. ടൈറ്റാനിയത്തിൽ ജോലി വാഗ്ദ്ധാനം ചെയ്ത് നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ വാങ്ങി തട്ടിപ്പ് നടത്തിയെന്നതാണ് ഇവർക്കെതിരെയുള്ള കേസ്.