crime

മുംബയ്: മുൻ ബി ജെ പി എം എൽ എയുടെ വീടിനുപിന്നിൽ അഴുകിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മഹാരാഷ്ട്രയിൽ സത്താറയിലെ വാഡെ ഗ്രാമത്തിൽ മുൻ എംഎൽഎ കണ്ടതായ് നലവാഡെയുടെ വീടിന് സമീപത്തുനിന്നാണ് ഭാഗികമായി കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്. വീട് കുറച്ചുനാളായി അടച്ചിട്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്.

വീട്ടുപരിസരം ശുചിയാക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം പുറത്തറിഞ്ഞതോടെ വൻ ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടി. പൊലീസ് അന്വേഷണം നടത്തിയെങ്കിലും മരിച്ച വ്യക്തിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മൃതദേഹം കണ്ടെത്തിയ സംഭവവുമായി മുൻ എം എൽ എയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷണശേഷമേ പറയാനാവൂ എന്നാണ് പൊലീസ് പറയുന്നത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.

വീടുകളിൽ നിന്ന് അഴുകിയ മൃതദേഹങ്ങൾ കണ്ടെടുത്ത നിരവധി കേസുകളാണ് മഹാരാഷ്ട്രയിൽ ഈവർഷം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ജൂണിൽ സാംഗ്ലി ജില്ലയിൽ രണ്ട് സഹോദരങ്ങളടങ്ങുന്ന ഒരു കുടുംബത്തിലെ ഒമ്പത് പേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുംബയിൽ നിന്ന് 350 കിലോമീറ്റർ അകലെ പടിഞ്ഞാറൻ മഹാരാഷ്ട്ര ജില്ലയിലെ മഹൈസൽ ഗ്രാമത്തിൽ ഒന്നര കിലോമീറ്റർ അകലെയുള്ള സഹോദരങ്ങളുടെ രണ്ട് വ്യത്യസ്ത വീടുകളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.