
തിരുവനന്തപുരം : കോർപ്പറേഷനിൽ മേയർ ആര്യാ രാജേന്ദ്രനെതിരെയും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ. അനിലിനെതിരെയും ഉയർന്ന നിയമനക്കത്ത് ആരോപണങ്ങളിൽ പ്രതിപക്ഷം നിലപാട് കടുപ്പിച്ചതോടെ അനിലിന് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം നഷ്ടമായി. മേയർക്കെതിരായ കേസ് പരിഗണനയിലായതിനാൽ കോടതി നിർദ്ദേശം അനുസരിച്ച് മാത്രമേ തുടർനടപടി സ്വീകരിക്കാനാകൂവെന്ന മന്ത്രിമാരുടെ നിലപാട് പ്രതിപക്ഷ നേതാക്കൾ അംഗീകരിച്ചു.
ഇന്നലെ മന്ത്രിമാരായ എം.ബി. രാജേഷിന്റെയും വി. ശിവൻകുട്ടിയുടെയും സാന്നിദ്ധ്യത്തിൽ രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗത്തിലാണ് ഡി.ആർ. അനിലിനെ മാറ്റി നിറുത്തിക്കൊണ്ടുള്ള സമവായത്തിന് ധാരണയായത്. ഡി.ആർ. അനിലിനെ സ്ഥാനത്തുനിന്നു നീക്കാൻ ധാരണയായെന്ന് ചർച്ചയ്ക്ക് ശേഷം മന്ത്രി എം.ബി. രാജേഷ് മറ്റ് കക്ഷി നേതാക്കളുടെ സാന്നിദ്ധ്യത്തിൽ മാദ്ധ്യമങ്ങളെ അറിയിച്ചു.
ഇതോടെ കോർപ്പറേഷനിൽ നടത്തിവന്ന സമരം പിൻവലിക്കുന്നതായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷും ഡി.സി.സി പ്രസിഡന്റ് പാലോട് രവിയും അറിയിച്ചു. മേയർക്കെതിരായ ആരോപണത്തിൽ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിൽ അത് നിയമപരമായി നേരിടുമെന്നും നേതാക്കൾ വ്യക്തമാക്കി. മേയർക്കെതിരായ കത്ത് വ്യാജമാണെന്ന നിലപാടിലാണ് കോർപ്പറേഷനും സർക്കാരും. എന്നാൽ, എസ്.എ.ടി ആശുപത്രിയിലേക്കുള്ള നിയമനത്തിന് പാർട്ടിക്കാരുടെ പട്ടിക തേടിക്കൊണ്ട് ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത് താനാണെന്ന് ഡി.ആർ. അനിൽ നേരത്തെ സമ്മതിച്ചിരുന്നു. ഇതോടെ അനിലിന്റെ രാജിയല്ലാതെ മറ്റൊന്നും സമവായത്തിന് മുന്നിലുണ്ടായിരുന്നില്ല.
കോർപ്പറേഷനിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹകരിക്കണമെന്ന് മന്ത്രിമാർ
കോർപ്പറേഷനിൽ പ്രശ്നങ്ങളുണ്ടെന്നു മന്ത്രിമാർ ചർച്ചയിൽ സമ്മതിച്ചു. എന്നാൽ, വികസന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ മേയറുമായി സഹകരിക്കണമെന്നും മന്ത്രിമാർ പ്രതിപക്ഷ നേതാക്കളോട് ആവശ്യപ്പെട്ടു. മേയർ ധാർഷ്ഠ്യത്തോടെയാണ് പെരുമാറുന്നതെന്നും ഇതാണ് പ്രകോപനത്തിനു വഴിതെളിക്കുന്നതെന്നും ബി.ജെ.പി, യു.ഡി.എഫ് നേതാക്കൾ ചർച്ചയിൽ ചൂണ്ടിക്കാട്ടി. കോർപ്പറേഷനിലെ മറ്റു വിഷയങ്ങൾ സ്‌കൂൾ കലോത്സവത്തിനു ശേഷം പരിശോധിക്കാമെന്ന് മന്ത്രി വി.ശിവൻകുട്ടിയും പറഞ്ഞു.
സെക്രട്ടേറിയറ്റിൽ നടന്ന ചർച്ചയിൽ ഇടത് നേതാക്കളായ സി. ജയൻബാബു,രാഖി രവികുമാർ, യു.ഡി.എഫ് നേതാക്കളായ പാലോട് രവി, പി.കെ. വേണുഗോപാൽ,പെരുന്താന്നി പത്മകുമാർ,ബി.ജെ.പി നേതാക്കളായ വി.വി. രാജേഷ്, എം.ആർ.ഗോപൻ തുടങ്ങിയവർ പങ്കെടുത്തു.
'മേയർ ആര്യാ രാജേന്ദ്രൻ രാജിവയ്ക്കണമെന്ന ആവശ്യം സംബന്ധിച്ച കേസ് കോടതിയുടെ തീർപ്പിനു വിടുകയാണ്. അതുസംബന്ധിച്ച് ചർച്ചയോ തീരുമാനമോ ഉണ്ടായിട്ടില്ല. അനിലിനെ മാറ്റാൻ ധാരണയായി'
എം.ബി.രാജേഷ്
തദ്ദേശമന്ത്രി
'ആരോഗ്യകരമായ ചർച്ചയാണ് നടന്നത്. കോർപ്പറേഷനിലെ സമരം അവസാനിപ്പിക്കും. മറ്റുള്ള കാര്യങ്ങൾ സംസ്ഥാന നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കും.'
-വി.വി. രാജേഷ്
ബി.ജെ.പി ജില്ലാ സെക്രട്ടറി
'കോർപ്പറേഷനിലെ എല്ലാ അഴിമതികൾക്കും എതിരായിരുന്നു യു.ഡി.എഫിന്റെ സമരം. അഴിമതികൾ സംബന്ധിച്ച് യു.ഡി.എഫ് ഹൈക്കോടതിയിൽ നൽകിയ വിവിധ ഹർജികൾ ജനുവരി നാലിന് കോടതി പരിഗണിക്കും.'
പാലോട് രവി
ഡി.സി.സി പ്രസിഡന്റ്