
മന്ത്രി സ്ഥാനത്തേക്കുള്ള സജി ചെറിയാന്റെ തിരിച്ചുവരവ് മൂന്നരക്കോടി മലയാളികൾക്കുമുളള പുതുവർഷ സമ്മാനമെന്ന് പരിഹസിച്ച് അഡ്വ. ജയശങ്കർ. ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം... ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷകനായി സഖാവ് സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക്. വകുപ്പ് സാംസ്കാരികവും ഫിഷറീസും തന്നെ എന്നാണ് ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചത്.
മൂന്നരക്കോടി മലയാളികൾക്കുമുളള പുതുവർഷ സമ്മാനം.
ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം... ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷകനായി സഖാവ് സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക്. വകുപ്പ് സാംസ്കാരികവും ഫിഷറീസും തന്നെ.
Posted by Advocate A Jayasankar on Friday, 30 December 2022
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പച്ചക്കൊടി കാട്ടിയതോടെയാണ് സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിന്. ഈ വർഷം ജൂലൈ ആറിനാണ് സജി ചെറിയാൻ രാജിവച്ചത്. സജി ചെറിയാനെ മന്ത്രിസഭയിലെടുക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുത്തെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അറിയിച്ചു. വകുപ്പുകളും മറ്റും മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് ഗോവിന്ദൻ പറഞ്ഞു.
ജനുവരി നാലിന് സത്യപ്രതിജ്ഞ നടന്നേക്കും. നാലാം തീയതി സത്യപ്രതിജ്ഞയ്ക്ക് അനുമതി ആരാഞ്ഞ് മുഖ്യമന്ത്രി ഗവർണർക്ക് കത്തു നൽകി. രാജ്ഭവനിൽ സത്യപ്രതിജ്ഞ നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. ഗവർണർ രണ്ടിനാണ് ഇനി തലസ്ഥാനത്ത് മടങ്ങിയെത്തുന്നത്. ആറാം തീയതി വീണ്ടും തിരികെ പോകും. അതിനാലാണ് നാലാം തീയതി സത്യപ്രതിജ്ഞയ്ക്ക് അനുമതി ചോദിച്ചത്.
കഴിഞ്ഞ ജൂലായ് മൂന്നിനായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം. ഏറ്റവുമധികം കൊള്ളയടിക്കാൻ പറ്റിയ മനോഹരമായ ഭരണഘടനയാണ് നമ്മുടേത് എന്ന പരാമർശം കടുത്ത വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവച്ചു. പ്രതിഷേധം രൂക്ഷമായതോടെ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചു. സജി ചെറിയാനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.