
വത്തിക്കാൻ സിറ്റി : പോപ്പ് എമിരറ്റസ് ബെനഡിക്‌ട് പതിനാറാമൻ മാർപാപ്പ കാലം ചെയ്തു. 95 വയസായിരുന്നു. ഏറെനാളായി അസുഖബാധിതനായിരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില കുറച്ചു ദിവസങ്ങളായി തീരെ മോശമായിരുന്നു. വത്തിക്കാനിലെ മതേർ എക്‌ലെസിയാ മൊണാസ്ട്രിയിൽ ഇന്ന് രാവിലെ 9.34നായിരുന്നു അന്ത്യമെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി അറിയിച്ചു.
ഒരേസമയം, യാഥാസ്ഥിതികനും പുരോഗമനവാദിയുമായ മാർപാപ്പ എന്നറിയപ്പെട്ട ബെനഡിക്‌ട് പതിനാറാമൻ ധാർമികതയുടെ കാവലാൾ എന്നും വിശേഷിപ്പിക്കപ്പെട്ടിരുന്നു. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയായി 2005 ഏപ്രിൽ 19 ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28 ന് സ്ഥാനത്യാഗം ചെയ്തിരുന്നു. തുടർന്ന് പോപ്പ് എമിരറ്റസ് എന്ന പദവിയോടെ വത്തിക്കാൻ ഗാർഡൻസിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം.
ജർമൻ പൗരനായ കർദ്ദിനാൾ ജോസഫ് റാറ്റ്‌സിംഗറാണ് ബെനഡിക്‌ട് പതിനാറാമൻ എന്ന സ്ഥാനപ്പേരിൽ മാർപാപ്പയായത്.1927 ഏപ്രിൽ 16-ന് ജർമനിയിലെ ബവേറിയിലായിരുന്നു ജനനം. പൊലീസുകാരനായിരുന്ന ജോസഫ് റാറ്റ്സിംഗർ സീനിയറിന്റേയും മരിയയുടെയും മൂന്നാമത്തെ മകനായിരുന്നു ജോസഫ് റാറ്റ്സിംഗർ. 1941-ൽ പതിനാലാം വയസിൽ ജോസഫ് റാറ്റ്‌സിംഗർ നാസി യുവ സംഘടനയായ ഹിറ്റ്ലർ യൂത്തിൽ അംഗമായി. പക്ഷേ, സജീവമായി പ്രവർത്തിച്ചില്ല
1945 ൽ സഹോദരൻ ജോർജ് റാറ്റ്സിംഗറിനൊപ്പം കത്തോലിക്കാ സെമിനാരിയിൽ ചേർന്നു. 1951 ജൂൺ 29 നു വൈദികനായി. 1977 ൽ മ്യൂണിക്കിലെ ആർച്ച്‌ബിഷപ്പായി.1980 ൽ ബിഷപ്പുമാരുടെ സിനഡുകളിൽ മാർപാപ്പ അവതരിപ്പിക്കേണ്ട റിപ്പോർട്ടുകൾ തയാറാക്കുന്ന ചുമതല ലഭിച്ചു. 1981 നവംബർ 25നു ‘ഡൊക്‌ട്രിൻ ഓഫ് ഫെയ്‌ത്’ സമൂഹത്തിന്റെ പ്രിഫെക്‌ടായി ചുമതലയേറ്റു. 2002 ൽ കർദിനാൾ തിരുസംഘത്തിന്റെ ഡീൻ ആയി. ജർമനിയിലെ ഓസ്‌റ്റിയ ആർച്ച് ബിഷപ്പായിരിക്കെ, വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയായി 2005 ഏപ്രിൽ 19 നു മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ജോസഫ് റാറ്റ്സിംഗർ എന്ന പേര് ഉപേക്ഷിച്ച് ബെനഡിക്‌ട് പതിനാറാമൻ എന്ന പേരു സ്വീകരിച്ചു. 2013 ഫെബ്രുവരി 28ന് സ്ഥാനത്യാഗം ചെയ്തു.