
ലഖ്‌നൗ: ഉത്തർപ്രദേശിൽ 14കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കുഴൽക്കിണറിൽ എറിഞ്ഞു. മൗ ജില്ലയിലെ ഘോസി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. മൂന്ന് പേർ ചേർന്നാണ് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള മൂന്നാമത്തെ പ്രതിക്കായി തെരച്ചിൽ ആരംഭിച്ചു. കഴിഞ്ഞ ദിവസം രാവിലെ മാലിന്യം കളയാനായി വീട്ടിൽ നിന്നും പുറത്തിറങ്ങിയതായിരുന്നു പെൺകുട്ടി. ഈ സമയം മൂന്ന് പേർ ചേർന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു.
ബലാത്സംഗത്തിന് ശേഷം ഇവർ കുട്ടിയെ അകലെയുള്ള കൃഷിയിടത്തിലെ കുഴൽക്കിണറിലെറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അവിടെ വന്ന തൊഴിലാളികൾ കുട്ടിയെ കാണുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് പൊലീസാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. പെൺകുട്ടിയെ വെെദ്യപരിശോധനയ്ക്ക് വിധേയമാക്കി.
വീടിന് 200 മീറ്റർ അകലെയുള്ള കൃഷിയിടത്തിലെ കുഴൽക്കിണറിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കെെകാലുകൾ ബന്ധിച്ച് വായിൽ തുണിതിരുകിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയതെന്ന് അഡീഷനൽ എസ് പി ത്രിഭുവൻ നാഥ് പറഞ്ഞു. സംഭവത്തിൽ പ്രതികൾക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു.