p

മനുഷ്യലോകം വീണ്ടുമൊരു പുതുവർഷത്തെ വരവേൽക്കുന്ന ശുഭമുഹൂർത്തമാണിത്. പുതുമയെന്നത് എപ്പോഴും മനസ്സിൽ സന്തോഷവും പ്രതീക്ഷയും ഉന്മേഷവും ഉത്സാഹവും നിറയ്ക്കുന്നതാണ്. ഇപ്പോൾ പിറന്നു വീണ ഈ പുതുവത്സരവും പോയതിനേക്കാൾ നല്ലതായിരിക്കും എന്ന പ്രതീക്ഷ നമുക്കെല്ലാമുണ്ട്.പിന്നിട്ട വർഷത്തേക്കാൾ ശ്രദ്ധയോടെയും വിവേകത്തോടെയും ഉത്സാഹത്തോടെയും ജീവിതം നയിക്കാൻ പുതുവർഷപ്പിറവി പ്രേരണ നൽകുന്നുമുണ്ട്. എങ്കിലും ഈശ്വരകൃപ കൂടി ഉണ്ടെങ്കിലേ എന്തും സഫലമാവൂ.അതിനാൽ പ്രാർത്ഥനാപൂർണ്ണമായ ഹൃദയത്തിനുള്ള അവസരം കൂടിയാണിത്.
പുതുവർഷത്തിന്റെ പുതുമയും മനോഹാരിതയും നമ്മുടെ സങ്കല്പത്തിൽ നിന്നും ഭാവനയിൽ നിന്നും വിരിയുന്നതാണ്. , കേവലം കലണ്ടറിലെ അക്കങ്ങൾ മാറിയതുകൊണ്ടു വ്യത്യാസമൊന്നുമുണ്ടാകുന്നില്ല.നമ്മുടെ മനസ്സിലെ ചിന്തയും ഭാവനയും നന്നായാൽ ചുറ്റുമുള്ള ലോകം മുഴുവൻ നന്നാവും.എന്തിനെയും നന്നാക്കാൻ മനസ്സിന് കഴിയും. ഏതിലും സന്തോഷവും സൗന്ദര്യവും ദർശിക്കാനും കഴിയും. അതിനാൽ നമ്മൾ വിചാരിച്ചാൽ വരാൻ പോകുന്ന വർഷം സുന്ദരവും സാർത്ഥകവുമാക്കാൻ തീർച്ചയായും കഴിയും.
ഭാരതത്തെ സംബന്ധിച്ചിടത്തോളം 2023 സുപ്രധാനമായ വർഷമാണ്. ലോകത്തു സമ്പത്തുകൊണ്ടും സ്വാധീനംകൊണ്ടും ജനസംഖ്യ കൊണ്ടും മുന്നിൽ നിൽക്കുന്ന ജി-20 രാഷ്ട്രങ്ങളുടെ അധ്യക്ഷപദം ഭാരതം അലങ്കരിക്കുന്ന വർഷമാണിത്. ലോകത്തിനു മുഴുവൻ ശാന്തിയും ക്ഷേമവും കൈ വരുത്തുവാൻ ഈ സ്ഥാനം സഹായകമാകട്ടെ .
രാവും പകലും മാറി മാറി വരുന്നു. ഋതുക്കൾ മാറി മാറി വരുന്നു. മാസങ്ങളും വർഷങ്ങളും മാറി മാറി വരുന്നു .സുഖവും ദുഃഖവും മാറി മാറി വരുന്നു. ജനനവും, മരണവും മാറി മാറി വരുന്നു .എന്തിനാണ് കാലം ഇങ്ങനെ ആവർത്തിച്ചു കൊണ്ടിരിക്കുന്നത്? നമുക്കു വീണ്ടും വീണ്ടും അവസരങ്ങൾ തരിക എന്നതാണ് അതിന്റെ ഉദ്ദേശ്യം. തെറ്റുകൾ ചെയ്തുപോയവർക്ക് അതാവർത്തിക്കാതിരക്കാൻ മറ്റൊരവസരം.നല്ലതു ചെയ്യാൻ മറന്നവർക്ക് അത് ചെയ്യാൻ വീണ്ടുമൊരവസരം. ഇന്നലെത്തേക്കാൾ നല്ല ഒരു ഇന്നിനെയും ഇന്നത്തേക്കാൾ ഒരു നല്ല നാളെയെയും സൃഷ്ടിക്കുവാൻ എല്ലാവർക്കും ഒരവസരം. വിവേകമെന്നത് മനുഷ്യനു മാത്രം കിട്ടിയ വരദാനമാണ്.ആത്മാർത്ഥമായ പരിശ്രമമുണെങ്കിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ മനുഷ്യന് കഴിയും. ശാസ്ത്രരംഗത്ത് ഓരോ വർഷവും പുതിയ പുതിയ കണ്ടുപിടുത്തങ്ങൾ നടക്കുന്നു. കായികരംഗത്ത് പുതിയ പുതിയ റെക്കോഡുകൾ സൃഷ്ടിക്കപ്പെടുന്നു. വ്യക്തികൾ സ്വന്തം റെക്കോഡുകൾ തിരുത്തിക്കുറിക്കുന്നു. മനുഷ്യന്റെ കഴിവ് അനന്തമാണെന്നാണ് ഇതെല്ലാം തെളിയിക്കുന്നത്. ശ്രമിച്ചാൽ നമുക്കോരോരുത്തർക്കും ഇപ്പോഴത്തേക്കാൾ നല്ലൊരു വ്യക്തിയായി മാറാൻ കഴിയും. അനേകം പേർ ശ്രമിക്കുമ്പോൾ കുറേക്കൂടി മനോഹരമായ, കുറേക്കൂടി നീതി പൂണ്ണമായ,കുറേക്കൂടി സന്തോഷപൂർണ്ണമായ ഒരു കേരളം, ഒരു ഭാരതം, ഒരു ലോകം സൃഷ്ടിക്കുവാൻ കഴിയും.അതിനായി പ്രയത്നിക്കാൻഈശ്വരൻ ശക്തി നൽകട്ടെ