
തിരുവനന്തപുരം : ഭരണഘടനാ വിരുദ്ധ പരാമർശത്തിന്റെ പേരിൽ മന്ത്രിസ്ഥാനം രാജി വച്ച സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമോപദേശം തേടി. , സജി ചെറിയാന്റെ പരാമർശവുമായി ബന്ധപ്പെട്ട് കോടതികളിലുള്ള നിയമപ്രശ്നങ്ങൾ അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് തിരിച്ചുകൊണ്ടുവരുന്നത്. സജി ചെറിയാൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യുന്നതിന് ഏതെങ്കിലും തരത്തിലുള്ള നിയമപ്രശ്നങ്ങൾ അവശേഷിക്കുന്നുണ്ടോ എന്നാണ് ഗവർണർ ഹൈക്കോടതി സ്റ്റാൻഡിംഗ് കൗൺസൽ അഡ്വ.ഗോപകുമാരൻ നായരിൽ നിന്ന് നിയമോപദേശം തേടിയിരിക്കുന്നത്.
ജനുവരി നാലിനാണ് സജി ചെറിയാന്റെ സത്യപ്രതിജ്‍ഞ നടത്താൻ സി.പി.എം തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സ്ഥിരീകരിച്ചിരുന്നു. അതേസമയം സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതിനെ യു.ഡി.എഫും ബി.ജെ.പിയും എതിർക്കുന്നുണ്ട്.
ഈ വർഷം ജൂലായ് ആറിനാണ് സജി ചെറിയാൻ രാജിവച്ചത്. സജി ചെറിയാനെതിരായ കേസ് അവസാനിപ്പിച്ചുവെന്ന റിപ്പോർട്ട് പൊലീസ് കോടതിയിൽ നൽകിയിരുന്നു. കേസിൽ സജി ചെറിയാനെതിരെ തെളിവില്ലെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. സജി ചെറിയാൻ ഭരണഘടനയെ വിമർശിക്കുക മാത്രമാണ് ചെയ്തത്. ഭരണഘടനയെ അവഹേളിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും തിരുവല്ല കോടതിയിൽ നല്‍കിയ റിപ്പോർട്ടിൽ പറയുന്നു. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സജി ചെറിയാനെ മന്ത്രിസഭയിൽ തിരിച്ചെടുക്കാൻ സി.പി.എമ്മിൽ ചർച്ചകൾ നേരത്തെ ആരംഭിച്ചിരുന്നു.എന്നാൽ, പൊലീസ് റിപ്പോർട്ട് റദ്ദാക്കി സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ബിജു നോയൽ ഹൈക്കോടതിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. ഇതിൽ സർക്കാരിന് ഹൈക്കോടതി നോട്ടിസ് അയച്ചിരുന്നു. പൊലീസ് അന്വേഷണം പ്രതിയെ രക്ഷിക്കാൻ വേണ്ടി നടത്തിയതാണെന്നും സാക്ഷികളുടെ മൊഴി കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. മന്ത്രിയായിരിക്കെ പത്തനംതിട്ട മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തിന് നിരവധി സാക്ഷികളുണ്ടായിട്ടും പൊലീസ് ആരുടെയും മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്ന് ഹർജിക്കാരൻ ആരോപിച്ചു.
.