
തിരുവനന്തപുരം: സജി ചെറിയാൻ എൽഡിഎഫ് മന്ത്രിസഭയിൽ തിരികെയെത്തുന്ന ദിവസം കരിദിനമായി ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്റ കെ സുധാകരൻ. സജി ചെറിയാന്റെ വിവാദ പരാമർശം മാദ്ധ്യമങ്ങളടക്കം നൽകിയതായും അതിൽ ആർക്കും എതിരഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സിപിഎമ്മിന് മാത്രമത് അംഗീകരിക്കാനായിട്ടില്ല. സത്യപ്രതിജ്ഞാ ലംഘനം നടത്തിയിയിട്ടില്ലെങ്കിൽ പിന്നെന്തിനാണ് സജി ചെറിയാനെ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയതെന്ന് കോൺഗ്രസ് നേതാവ് ചോദിച്ചു.
ഒരു സുപ്രഭാതത്തിൽ തീരുമാനം എങ്ങനെ മാറിയെന്നും സിപിഎം അതിന് മറുപടി നൽകണമെന്നും അദ്ദേഹം തുടർന്നു. സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ദിവസം കോൺഗ്രസ് കരിദിനമായി ആചരിക്കുമെന്നും കെ സുധാകരൻ പറഞ്ഞു. ഭരണഘടനാ വിരുദ്ധ പരാമർശത്തിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാൻ മന്ത്രിസഭയിൽ തിരിച്ചെത്തുന്ന കാര്യം സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു കെ സുധാകരന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെയും ഗവർണറുടെയും സൗകര്യമനുസരിച്ച് ഉടൻ തന്നെ സത്യപ്രതിജ്ഞയുണ്ടാവുമെന്ന് എം വി ഗോവിന്ദൻ അറിയിച്ചിരുന്നു. ജനുവരി നാലിന് സത്യപ്രതിജ്ഞ നടത്താമെന്ന് സർക്കാർ ഗവർണറെ അറിയിക്കും. സജി ചെറിയാൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന കാര്യത്തിൽ സെക്രട്ടേറിയറ്റ് തീരുമാനമെടുത്തിട്ടുണ്ടെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
ഈ വർഷം ജൂലായ് ആറിനാണ് സജി ചെറിയാൻ രാജിവച്ചത്. സജി ചെറിയാനെതിരായ കേസ് അവസാനിപ്പിച്ചുവെന്ന റിപ്പോർട്ട് പൊലീസ് കോടതിയിൽ നൽകിയിരുന്നു. കേസിൽ സജി ചെറിയാനെതിരെ തെളിവില്ലെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. സജി ചെറിയാൻ ഭരണഘടനയെ വിമർശിക്കുക മാത്രമാണ് ചെയ്തത്. ഭരണഘടനയെ അവഹേളിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും തിരുവല്ല കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സജി ചെറിയാനെ മന്ത്രിസഭയിൽ തിരിച്ചെടുക്കാൻ സിപിഎമ്മിൽ ചർച്ചകൾ നേരത്തെ ആരംഭിച്ചിരുന്നു.