gg

ഡെറാഡൂൺ : വെള്ളിയാഴ്ച പുലർച്ചെ ഹരിദ്വാറിലുണ്ടായ അപകടത്തിൽപെട്ട ഋഷഭ് പന്ത് മദ്യപിച്ചിരുന്നില്ലെന്നും കാ‌ർ അമിത വേഗതയിലായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. അപകടത്തിന്റേതായി പുറത്തുവന്ന സി.സി.ടിവി ദൃശ്യങ്ങളിൽ കാർ റോഡിലെ ഡിവൈഡറിൽ ഇടിച്ചുമറിയുന്നതായി ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പൊലീസിന്റെ വിശദീകരണം.

പന്തിന്റെ കാർ ദേശീയപാതയിലെ 80 കിലോമീറ്റർ പരിധി മറികടന്നിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങളിൽ? ഡിവൈഡറിൽ ഇടിച്ച ശേഷം കാർ ഉയർന്നുപൊങ്ങിയതിനാലാണ് അമിതവേഗതയിൽ ആയിരുന്നുവെന്ന് തോന്നുന്നത്. പൊലീസിന്റെ സാങ്കേതിക സംഘം നടത്തിയ പരിശോധനയിൽ അമിതവേഗതയെ സൂചിപ്പിക്കുന്ന ഒന്നും കണ്ടെത്താനായില്ലെന്ന് ഹരിദ്വാർ സീനിയർ പൊലീസ് സൂപ്രണ്ട് അജയ് സിംഗ് പറഞ്ഞു. . പന്ത് മദ്യപിച്ചിരുന്നെങ്കിൽ 200 കിലോമീറ്റർ മറ്റ് അപകടങ്ങളിൽപ്പെടാതെ കാർ ഓടിച്ചെത്താൻ അദ്ദേഹത്തിന് കഴിയില്ല. റൂർക്കി ആശുപത്രിയിൽ പന്തിന് പ്രഥമശുശ്രൂഷ നൽകിയ ഡോക്ടറും അദ്ദേഹം സാധാരണ നിലയിൽ തന്നെയായിരുന്നുവെന്ന് അറിയിച്ചിരുന്നുവെന്നും അജയ് സിംഗ് വ്യക്തമാക്കി.

അതേസമയം പന്ത് ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് ഉത്തരഖണ്ഡ് പൊലീസ് ഡയറക്ടർ ജനറൽ അശോക് കുമാർ പറഞ്ഞു. ഋഷഭ് പന്തും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.

വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെ ഡൽഹി– ഡെറാഡൂൺ ഹൈവേയിൽ ഹരിദ്വാർ ജില്ലയിൽ വച്ചായിരുന്നു അപകടം. അതിവേഗത്തിലായിരുന്ന കാർ ഡിവൈഡറിലിടിച്ച് മറുഭാഗത്തെ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ആഡംബര കാർ നിമിഷാർദ്ധം കൊണ്ട് കത്തിയമർന്നു. . ബംഗ്ളാദേശുമായുള്ള പരമ്പര കഴിഞ്ഞ് ഡൽഹിയിൽ എത്തിയ ഋഷഭ്, സ്വദേശമായ ഉത്തരാഖണ്ഡിലെ റൂർക്കിയിലേക്ക് ഡ്രൈവ് ചെയ്തു പോവുകയായിരുന്നു. അപകടം നടന്നയുടൻ ഓടി എത്തിയ ബസ് ഡ്രൈവർ സുശീലാണ് കാർ തീവിഴുങ്ങുംമുമ്പ് ഋഷഭിനെ റോഡിന്റെ ഡിവൈഡറിലേക്ക് മാറ്റിയത്. ഗ്ളാസ് പൊട്ടിച്ചാണ് ഋഷഭ് പുറത്തിറങ്ങിയത്.

സ്ഫോടനശബ്ദം കേട്ട് പരിസരവാസികളും അതുവഴിയുള്ള വാഹനയാത്രക്കാരും ഓടിയെത്തി. താൻ ഋഷഭ് പന്താണെന്ന് വെളിപ്പെടുത്തിയതോടെ മിന്നൽ വേഗത്തിൽ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്ന് 90 കിലോമീറ്റർ അകലെയുള്ള ഡെറാഡൂണിലെ മാക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.