
സൈപ്രസ്: ഏകപക്ഷീയമായി യഥാർത്ഥ നിയന്ത്രണ രേഖ(എൽ.എ.സി) മാറ്റാനുള്ള ചൈനയുടെ ഒരു ശ്രമവും ഇന്ത്യ അംഗീകരിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ പറഞ്ഞു. ബീജിംഗുമായുള്ള ന്യൂഡൽഹിയുടെ ബന്ധം അത്ര സാധാരണമല്ലെന്നും വിട്ടുവീഴ്ചകളൊന്നും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സുരക്ഷയുടെ കാതലായ പ്രശ്നങ്ങളിൽ ഒരു വിട്ടുവീഴ്ചയും നടത്തില്ല. സൈപ്രസിലെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ ചർച്ചയിലേക്ക് വലിച്ചിടാനുള്ള ഒരു ഉപകരണമായി തീവ്രവാദത്തെ ഉപയോഗിക്കാനാവില്ലെന്ന് പാകിസ്ഥാനുള്ള പരോക്ഷ മുന്നറിയിപ്പും അദ്ദേഹം നല്കി. അതിർത്തിയിൽ ഇന്ത്യക്ക് വെല്ലുവിളികളുണ്ട്. അത് കൊവിഡ് കാലഘട്ടത്തിൽ കൂടുതലായി.
ഡിസംബർ 9ന് അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിലെ യഥാർത്ഥ നിയന്ത്റണ രേഖയിൽ ഇന്ത്യയുടെയും ചൈനയുടെയും സൈന്യം ഏറ്റുമുട്ടിയ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യൻ സമാധാന സേനാംഗങ്ങളെ പ്രശംസിച്ച് എസ്.ജയശങ്കർ
ജനറൽ കെ.എസ് തിമയ്യയുടെ സ്മരണയ്ക്കായി സൈപ്രസിലെ തെരുവ് സന്ദർശിക്കുന്നതിനിടെ ഐക്യരാഷ്ട്രസഭക്ക് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സമാധാന സേനാംഗങ്ങളുടെ പങ്കിനെ പ്രശംസിച്ച് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. മെഡിറ്ററേനിയൻ രാജ്യമായ സൈപ്രസും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 60 ആം വാർഷികം ആഘോഷിക്കുന്ന അവസരത്തിലാണ് സൈപ്രസിലേക്കുള്ള ജയശങ്കറിന്റെ ആദ്യ ഔദ്യോഗിക സന്ദർശനം.
ജനറൽ കെ.എസ് തിമയ്യയുടെ പേരിലുള്ള ലാർനാക്കയിലെ തെരുവ് കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. യുഎൻ പതാകയ്ക്ക് കീഴിൽ സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ സമാധാന സേനാംഗങ്ങളെ അഭിനന്ദിക്കുന്നു ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തു.
1962ൽ ചൈനയുമായുള്ള സംഘർഷത്തിലേക്ക് നയിച്ച 1957 മുതൽ 1961 വരെയുള്ള നിർണായക വർഷങ്ങളിൽ കരസേനാ മേധാവിയായി സേവനമനുഷ്ഠിച്ച സൈനികനായിരുന്നു ജനറൽ തിമയ്യ. ഇന്ത്യൻ ആർമിയിൽ നിന്ന് വിരമിച്ച ശേഷം, സൈപ്രസിലെ ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയുടെ കമാൻഡറായി. 1965 ൽ സൈപ്രസിൽ വെച്ച് ഹൃദയാഘാതം മൂലം അദ്ദേഹം അന്തരിച്ചു.
സൈപ്രസിലെ ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയിൽ പങ്കാളികളായതിലൂടെയുള്ള ഇന്ത്യയുടെ ഗണ്യമായ സംഭാവനകളെ സൈപ്രസ് വിദേശകാര്യ മന്ത്രി ഇയോന്നിസ് കസൗലിഡെസ് പ്രശംസിക്കുകയും അതിന് നന്ദി അറിയിക്കുകയും ചെയ്തു. 5,887 ഉദ്യോഗസ്ഥരുള്ള യുഎൻ ദൗത്യങ്ങളിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.
ഇന്ത്യയും സൈപ്രസും നയതന്ത്ര ബന്ധത്തിന്റെ 60 ആം വാർഷികം ആഘോഷിക്കുന്ന വേളയിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി വെള്ളിയാഴ്ചയാണ് വിദേശകാര്യ മന്ത്രി സൈപ്രസിൽ എത്തിയത്.