
ന്യൂഡൽഹി: ബി.ജെപിയയെും ആർ.എസ്.എസിനെയും ഒരുതരത്തിൽ തന്റെ രാഷ്ട്രീയ ഗുരുക്കളായി കാണുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. എന്തൊക്കെ ചെയ്യാൻ പാടില്ലെന്ന് അവർ തന്നെ പഠിപ്പിക്കുന്നതായും രാഹുൽ ഗാന്ധി പറഞ്ഞു. എ.ഐ.സി.,സി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമർശനങ്ങളിലൂടെയാണ് കോൺഗ്രസിന് മെച്ചപ്പെടാൻ അവസരം ലഭിക്കുന്നത്.   ബി.ജെ.പിയും ആർ.എസ്.എസും കുറച്ചുകൂടി ശക്തമായി വിമർശിക്കണം. കോൺഗ്രസിന്റെ പ്രത്യയശാസ്ത്രം നന്നായി മനസിലാക്കാനുള്ള അവസരമാണിത്. എന്തുചെയ്യരുത്, എങ്ങനെ പ്രതികരിക്കണം, എന്നതിൽ നല്ല പരിശീലനമാണ് അവർ നൽകുന്നത്. ഒരുപാട് പഠിക്കാനും മനസിലാക്കാനും കഴിഞ്ഞതിനാൽ ഭാരത് ജോഡോ യാത്ര മികച്ച അനുഭവമാണ്. ഇന്ത്യയിൽ പടരുന്ന ഭയത്തിനും വെറുപ്പിനും അക്രമത്തിനുമെതിരായ യാത്രയാണിത്. പ്രതീക്ഷിച്ചതിനെക്കാൾ വിജയം യാത്രയ്ക്കുണ്ടായി. കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള വെറും യാത്രയാണെന്നാണ് കരുതിയിരുന്നത്. യാത്ര ഇന്ത്യയുടെ വികാരങ്ങൾ കണ്ടറിയാനുള്ള വഴിയാണ് തുറന്നത്. വ്യക്തിപരമായി ഒരുപാട് കാര്യങ്ങൾ പഠിച്ചുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ളത് പ്രത്യയശാസ്ത്രത്തിന്റെ പോരാട്ടമാണ്. അതിൽ ഞങ്ങൾ വിജയിക്കും. പ്രതിപക്ഷത്തെ നയിക്കാൻ കോൺഗ്രസ് തന്നെ വേണം. സമാജ്വാദി പാർട്ടിക്ക് ദേശീയ പ്രത്യയശാസ്ത്രമില്ല. അവരുടെ ആശയം കേരളത്തിൽ പ്രവർത്തിക്കില്ല, കർണാടകയിൽ പ്രവർത്തിക്കില്ല, ബീഹാറിൽ പ്രവർത്തിക്കില്ല. അത് നൽകാൻ കോൺഗ്രസിനേ കഴിയൂ. പ്രതിപക്ഷത്തെ ഒന്നിച്ചു നിറുത്തലുംകോൺഗ്രസിന്റെ ഉത്തരവാദിത്വമാണ്. മദ്ധ്യപ്രദേശിൽ ബി.ജെ.പിയെ കാണാൻ കിട്ടില്ല. മോഷ്ടിച്ചും പണം കൊടുത്തുമാണ് അവർ സർക്കാർ രൂപീകരിച്ചതെന്ന് എല്ലാവർക്കുമറിയാം.  അടുത്ത തിരഞ്ഞെടുപ്പിൽ മദ്ധ്യപ്രദേശ് കോൺഗ്രസ് തൂത്തുവാരുമെന്നും  രാഹുൽ ഗാന്ധി പറഞ്ഞു.