
ഇംഫൽ: മയക്കുമരുന്ന് വ്യാപനത്തിനെതിരെ കർശന പരിശോധനയുമായി മണിപ്പൂർ സർക്കാർ. സംസ്ഥാനം പുതുവത്സര ആഘോഷങ്ങളിലേയ്ക്ക് കടക്കുന്നതിന് മുൻപായി മലനിരകൾ കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത കറുപ്പ് കൃഷിയ്ക്ക് തടയിടാനാണ് നീക്കം. ഇതിന്റ ഭാഗമായി നടന്ന പ്രത്യേക സുരക്ഷാ ഡ്രൈവിൽ മലയോരഗ്രാമങ്ങളിലെ പോപ്പി കൃഷി നടത്തിയ അഞ്ച് പ്രധാന ചുമതലക്കാരെയും ഇവരുടെ കീഴിലെ 703 പേരെയും അറസ്റ്റ് ചെയ്തു.
പരിശോധനയുടെ ഭാഗമായി 400 ഏക്കറിലധികം വിസ്തൃതിയിലുള്ള പോപ്പി പാടങ്ങൾ നശിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി. മണിപ്പൂരിലെ മലയോര മേഖലയിൽ കറുപ്പ് മൂലമുള്ള ലഹരിയുടെ വ്യാപനം രൂക്ഷമാണ്. ലഹരി ആവശ്യങ്ങൾക്ക് പുറമേ രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലേയ്ക്കും ഇവിടെ നിന്നുള്ള കറുപ്പ് കടത്തുന്നുണ്ട്. കിഴക്കൻ മണിപ്പൂരിലെ അഞ്ച് ജില്ലകളാണ് അയൽ രാജ്യമായ മ്യാൻമാറുമായി 400 കിലോമീറ്ററോളം അതിർത്തി പങ്കിടുന്നത്. ഇതിൽ ഭൂരിഭാഗം പ്രദേശവും അധിക സുരക്ഷയില്ലാതെയാണ് അവശേഷിക്കുന്നത്.
അതിനാൽ മ്യാൻമർ, ലാവോസ്, തായ്‌ലൻഡ് അതിർത്തികൾ കൂടിച്ചേരുന്ന ‘ഗോൾഡൻ ട്രയാംഗിളിൽ’ നിന്ന് ഇന്ത്യയിലേയ്ക്കുള്ള ലഹരി വ്യാപാരത്തിനുള്ള സുരക്ഷിത മാർഗമായാണ് മണിപ്പൂരിലെ അതിർത്തി ഗ്രാമങ്ങൾ കണക്കാക്കപ്പെടുന്നത്. അതിർത്തിയുടെ പത്ത് ശതമാനം മാത്രം വരുന്ന കമ്പിവേലികൾ ലഹരി കടത്തുകാർക്ക് അധിക ഭീഷണിയില്ലാതെയാണ് നിലകൊള്ളുന്നത്. അത് കൊണ്ട് തന്നെ അതിർത്തി വഴിയുള്ള ലഹരി കടത്ത് പൂർണമായും തടയാൻ കഴിയാതെ വന്നതോടെയാണ് സംസ്ഥാനത്തിനുള്ളിലെ പോപ്പി പാടങ്ങളിൽ വ്യാപക പരിശോധന ശക്തമാക്കിയത്.