jammu

ശ്രീനഗർ: ഈ വർഷം കാശ്മീരിൽ നടന്ന 93 ഏറ്റുമുട്ടലുകളിൽ 172 ഭീകരരെ സുരക്ഷാ സേന വധിച്ചതായി കാശ്മീർ എ.ഡി.ജി.പി വിജയ് കുമാർ അറിയിച്ചു. കൊല്ലപ്പെട്ട ഭീകരരിൽ 42 പേർ വിദേശപൗരൻമാരാണെന്നും വിജയ്‌കുമാർ കൂട്ടിച്ചേർത്തു. ലഷ്‌കർ ഇ തൊയ്ബയുടെയോ അതിന്റെ ഉപവിഭാഗമായ ദ റെസിസ്റ്റൻസ് ഫ്രണ്ടിന്റെയോ പ്രവർത്തകരായ 108 പേരാണ് 2022ൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. 35 ജെയ്ഷെ മുഹമ്മദ് ഭീകരരും 22 ഹിസ്‌ബുൾ മുജാഹിദ് ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്.

അൽ ബദർ ഭീകര സംഘടനയിലെ നാലുപേരും അൻസാർ ഘസ്വാത് ഉൽ ഹിന്ദ് പ്രവ‌ർത്തകരായ മൂന്നുപേരെയും സുരക്ഷാ സേന വധിച്ചു. ജമ്മു കാശ്മീർ പൊലീസിലെ 14 പേർ ഉൾപ്പെടെ 26 സുരക്ഷാസേനാ ഉദ്യോഗസ്ഥർ വീരമൃത്വു വരിച്ചു. ഭീകരവാദികൾ നടത്തിയ ആക്രമണത്തിൽ 29 സാധാരണക്കാർക്കും ജീവൻ നഷ്ടമായതായി അദ്ദേഹം അറിയിച്ചു.