
തിരുവനന്തപുരം : കൊവിഡ് മഹാമാരിയുടെ നിഴൽവീണ വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ദീപാലങ്കാരങ്ങളുടെയും കരിമരുന്ന് പ്രയോഗങ്ങളുടെയും അകമ്പടിയോടെ ആഘോഷലഹരിയിൽ പുതുവർഷത്തെ വരവേറ്റ് ലോകം. പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ലോകത്ത് ആദ്യം പുതുവർഷം പിറന്നത്. നിമിഷങ്ങളുടെ വ്യത്യാസത്തിൽ ടോംഗോ, സമോവ ദ്വീപുകളിലും 2023 പിറന്നു,. ന്യൂസിലാൻഡിലെ ഓക്ലൻ്ഡ് നാലരയോടെ 2023നെ വരവേൽക്കുന്ന ആദ്യ പ്രധാന നഗരമായി.
ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രയോഗങ്ങളുമായി ഓക്ലൻഡ് 2023നെ വരവേറ്റു. ആസ്ട്രേലിയയിലെ സിഡ്നിയിൽ വൈകിട്ട് സിഡ്നി ഓപ്പറ ഹൗസ് പരിസരങ്ങളിൽ നടന്ന വെടിക്കെട്ടിന് ലക്ഷങ്ങൾ സാക്ഷ്യം വഹിച്ചു. സംസ്ഥാനത്ത് വിനോദസഞ്ചാര കേന്ദ്രങ്ങലും ഹോട്ടലുകളും കേന്ദ്രീകരിച്ചാണ് പുതുവർഷാഘോഷം നടക്കുന്നത്.
ആഘോഷങ്ങൾ നിയന്ത്രണം വിടാതിരിക്കാൻ പൊലീസ് ജാഗ്രതയോടെ നിലയുറപ്പിച്ചിരുന്നു. തലസ്ഥാനത്ത് . കോവളം, ശംഖുംമുഖം, വേളി, വർക്കല, മ്യൂസിയം, കനകക്കുന്ന് തുടങ്ങിയ വിനോദകേന്ദ്രങ്ങളിൽ വൈകിട്ടോടെ തന്നെ കുടുംബസമേതം പുതുവർഷം ആഘോഷിക്കാൻ നിരവധിപേർ തിങ്ങിനിറഞ്ഞിരുന്നു. ഇവരെ വരവേൽക്കാൻ സർക്കാരും സ്വകാര്യസ്ഥാപനങ്ങളും കലാവിരുന്നുകളടക്കം നിരവധി പരിപാടികൾ സജ്ജമാക്കിയിരുന്നു. ഹോട്ടലുകളിലെ ഡി.ജെ പാർട്ടികളിൽ മലയാളികൾക്ക് പുറമേ ഉത്തരേന്ത്യക്കാരും വിദേശികളും അരങ്ങുതകർത്തു. രാത്രി 11.55 ന് ആരംഭിച്ച വർണാഭമായ വെടിക്കെട്ടോടെ ആഘോഷങ്ങൾ അവസാനിച്ചു. കോവളത്തും വർണാഭമായ പുതുവത്സരാഘോഷം നടന്നു.
ദേവാലയങ്ങളിൽ പുതുവർഷത്തെ വരവേറ്റ് രാത്രി 11ഓടെ പ്രത്യേക പ്രാർത്ഥനകളും നടന്നു. പുതുവർഷാഘോഷം പ്രമാണിച്ച് നഗരത്തിലും പരിസരത്തും കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയത്. വാഹനപരിശോധനകളും നടന്നു. ആയിരത്തിലേറെ പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചത്.